ഗുജറാത്തില്‍ നിന്ന് 450 കോടിയുടെ ഹെറോയിന്‍ പിടിച്ച സംഭവം: കേന്ദ്ര സര്‍ക്കാരിന് മൗനം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, April 30, 2022

 

ന്യൂഡല്‍ഹി: ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്ന് രണ്ട് ദിവസം മുമ്പ് 450 കോടി വിലമതിക്കുന്ന 90 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തതില്‍ ആശങ്ക രേഖപ്പെടുത്തി കോണ്‍ഗ്രസ്. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്ന കാര്യങ്ങള്‍ ഗുജറാത്തില്‍ നടന്നിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനം തുടരുകയാണ്. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും രണ്ടു ജഡ്ജിമാരെ അന്വേഷണത്തിനായി നിയോഗിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ പറഞ്ഞു.

രാജ്യത്ത് അധിനിവേശം നടത്താനുള്ള മയക്കുമരുന്ന് മാഫിയകളുടെ പ്രഭവകേന്ദ്രമായി ഗുജറാത്ത് മാറുകയാണോയെന്ന സംശയം ഉയരുന്നതായി സുപ്രിയ പറഞ്ഞു. വന്‍തോതിലുള്ള മയക്കുമരുന്ന് വേട്ട പലതവണ ആവര്‍ത്തിച്ചിട്ടും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം തുടരുകയാണ്. സ്വകാര്യ തുറമുഖങ്ങളിലും സ്വകാര്യ വ്യക്തികള്‍ നടത്തുന്ന തുറമുഖങ്ങളിലും മയക്കുമരുന്ന് പിടിക്കപ്പെടുമ്പോള്‍ അവരുമായി സര്‍ക്കാര്‍ സംസാരിക്കുന്നുണ്ടോയെന്നും സുപ്രിയ ചോദിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്. കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുന്നതിനാല്‍
ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരേ സ്വമേധയാ അന്വേഷണം നടത്താന്‍ സുപ്രീം കോടതി തയാറാവുകയാണ് വേണ്ടത്. രണ്ട് ജഡ്ജിമാരെ ഏര്‍പ്പെടുത്തി ഗൗരവമായ അന്വേഷണം നടേത്തണ്ടതുണ്ടെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇറാനില്‍ നിന്ന് വന്നവരില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇതിന് നേതൃത്വം നല്‍കിയ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനേയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിനേയും കോണ്‍ഗ്രസ് അഭിനന്ദിച്ചു. രാജ്യത്ത് അധിനിവേശം നടത്താനുള്ള മയക്കുമരുന്ന് മാഫിയകളുടെ പ്രഭവകേന്ദ്രമായി ഗുജറാത്ത് മാറുന്നുവെന്ന ആശങ്കയും സുപ്രിയ പങ്കുവെച്ചു. രാഷ്ട്രീയ പിന്തുണയില്ലാതെ വലിയ അളവ് മയക്കുമരുന്നുകള്‍ നിയന്ത്രണമില്ലാതെ വരുമെന്ന് പ്രധാനമന്ത്രിയും സര്‍ക്കാരും വിശ്വസിക്കുന്നുണ്ടോയെന്നും അവര്‍ ചോദിച്ചു. മുന്ദ്ര വിമാനത്താവളം നടത്തുന്ന അദാനി ഗ്രൂപ്പിനോടും പിപാവാവ് എയര്‍പോര്‍ട്ട് നടത്തുന്ന നിഖില്‍ ഗാന്ധിയുടെ കമ്പനിയോടും സമാനമായ ചോദ്യങ്ങളാണോ ചോദിക്കുക. ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.