മോദി സര്‍ക്കാരിനെതിരായ താക്കീതായി കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത ബന്ദ്

Jaihind Webdesk
Monday, September 10, 2018

ന്യൂഡല്‍ഹി: കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത്ബന്ദ് രാജ്യത്തെ ജനങ്ങൾ ഏറ്റെടുത്തു. ഡൽഹിയിലെ രാജ്ഘട്ടിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നയിച്ച ധർണയോടെയാണ് പ്രതിഷേധങ്ങൾ തുടങ്ങിയത്. പ്രതിപക്ഷം ഒറ്റക്കെട്ടായി ബി.ജെ.പി സർക്കാരിനെ താഴെയിറക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പറഞ്ഞു.

മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലേക്ക് അപ്രതീക്ഷിതമായാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് രാഹുൽഗാന്ധി എത്തിയത്. സമാധിയിൽ പുഷ്പാർച്ചന നടത്തിയ രാഹുൽ സേവാദൾ പ്രവർത്തകരോടൊപ്പം ഡൽഹി നഗരത്തിലൂടെ കാൽനടയായി യാത്ര ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അശോക് ഗഹലോട്ട്, ജയറാം രമേശ് തുടങ്ങിയവർ അദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഡൽഹി രാംലീല മൈതാനിക്കരികിലെ പെട്രോൾ പമ്പിന് മുന്നിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു പ്രതിഷേധം നടന്നത്. ഇരുപതോളം പ്രതിപക്ഷ പാർട്ടികളിലെ നേതാക്കന്മാർ വേദിയിൽ പ്രസംഗിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗും സോണിയാ ഗാന്ധിയും വേദിയിലെത്തിയതോടെ പ്രവർത്തകരുടെ ആവേശം അലതല്ലി. ദിനംപ്രതി ജനജീവിതം ദുസഹമാവുകയാണെന്ന് ഡോ. മൻമോഹൻ സിംഗ് പറഞ്ഞു. കർഷകരുടേയും സാധാരണക്കാരുടേയും ജീവിതം തകർന്നെന്നും അദ്ദേഹം പറഞ്ഞു.

വാഗ്ദാനങ്ങളൊന്നും നിറവേറ്റാത്ത സർക്കാരാണ് മോദിയുടേതെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. 70 വർഷം കോൺഗ്രസ് ചെയ്യാത്തത് 4 വർഷം കൊണ്ട് മോദി ചെയ്യുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം അതാണ് രാജ്യം ഇപ്പോൾ കാണുന്ന വിലക്കയറ്റമെന്ന് രാഹുൽ പരിഹസിച്ചു. രൂപയുടെ മൂല്യം ഇടിഞ്ഞു. പെട്രോൾ-ഡീസൽ വില കുറയ്ക്കുമെന്ന് പറഞ്ഞ മോദി എവിടെ പോയെന്നും കോൺഗ്രസ് അധ്യക്ഷൻ ചോദിച്ചു.

പാചകവാതക വില 400 ൽ നിന്ന് 800 ആയി. സ്വച്ഛ് ഭാരതിൽ പണിയുന്ന കക്കൂസുകളിലൊന്നും വെള്ളമില്ല. കർഷകന്റെ പൈസ രാജ്യത്തെ ക്രോണി ക്യാപിറ്റലുകൾക്ക് കൊടുക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. റാഫേൽ ഇടപാടിലെ 45,000 കോടി ജനങ്ങളുടെ പണമാണ്. ഇന്ത്യയിലെ കള്ളപ്പണമെല്ലാം കേന്ദ്രം വെളുപ്പിച്ചെന്ന് പറഞ്ഞ രാഹുൽ ഗാന്ധി എല്ലാവരും ഒരുമിച്ച് ബി.ജെ.പിയെ തോൽപിക്കുമെന്നും കൂട്ടിച്ചേർത്തു.

മാധ്യമങ്ങൾ മനസ് തുറന്ന് ഭയപ്പെടാതെ വസ്തുതകൾ എഴുതണമെന്നും താൻ മാധ്യമങ്ങൾക്കൊപ്പമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനരോഷം ഇരമ്പിയ ഭാരത് ബന്ദ് നരേന്ദ്രമോദി സർക്കാരിനെതിരായ താക്കീതായി.