സംസ്ഥാന ബി.ജെ.പിയില്‍ ചേരിപ്പോര് രൂക്ഷം

Jaihind Webdesk
Saturday, November 24, 2018

ബി.ജെ.പി സംസ്ഥാന ഘടകത്തിൽ ചേരിപ്പോര് വീണ്ടും രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻ പിള്ളയ്ക്ക് എതിരെയാണ് ഇത്തവണത്തെ പടയൊരുക്കം. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍റെ അറസ്റ്റ് ഉയർത്തിക്കാട്ടിയാണ് വി മുരളീധരപക്ഷം പാർട്ടി സംസ്ഥാന പ്രസിഡന്‍റിനെ ഉന്നം വെക്കുന്നത്.

മെഡിക്കൽ കോഴ വിവാദത്തിന് ശേഷം ശബരിമല വിഷയത്തിൽ ബി.ജെ.പി സംസ്ഥാന ഘടകത്തിൽ തമ്മിലടി ശക്തമാവുകയാണ്. ശബരിമല വിഷയത്തിൽ കെ സുരേന്ദ്രന്‍റെ അറസ്റ്റിന് എതിരെ പാർട്ടിക്ക് ശക്തമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്ന പരാതിയാണ് വി മുരളീധരനെ അനുകൂലിക്കുന്നവർക്ക് ഉള്ളത്. സുരേന്ദ്രന് എതിരെ ഒന്നൊന്നായി കേസുകൾ ചുമത്തി ജയിലിലിടച്ചപ്പോൾ പാർട്ടിയുടെ പ്രതികരണം ദുർബലമായിരുന്നു. കേന്ദ്ര മന്ത്രിയെ എസ്.പി ആക്ഷേപിച്ചപ്പോൾ ശക്തമായി പ്രതിഷേധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. നേതൃത്വത്തിന്‍റെ കഴിവുകേടാണ് ഇത് സൂചിപ്പിക്കുന്നത്. പി.എസ് ശ്രീധരൻപിള്ളയുടെ അയഞ്ഞ സമീപനമാണ് ഇതിന് കാരണം. പാർട്ടിയുടെ പ്രതികരണം പ്രസ്താവനകളിൽ ഒതുങ്ങിയതായും മുരളീധര വിഭാഗം കുറ്റപ്പെടുത്തുന്നു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് മുരളീധരനെ അനുകുലിക്കുന്നവർ. കൃഷ്ണദാസ് പക്ഷത്തിന്‍റെ താൽപര്യങ്ങൾ മാത്രമാണ് ശ്രീധരൻ പിള്ള സംരക്ഷിക്കുന്നതെന്നാണ് ഇവരുടെ പരാതി. അതേസമയം തുലാമാസ പൂജകൾക്കും ചിത്തിര ആട്ടവിശേഷത്തിനും സുരന്ദ്രേൻ ശബരിമലയിൽ എത്തിയത് പാർട്ടിയുടെ അനുമതി ഇല്ലാതെയാണന്ന് മറുവിഭാഗം ചുണ്ടിക്കാട്ടുന്നു. സംസ്ഥാന ഘടകത്തെ മറികടന്ന് പ്രതിഛായ സ്വഷ്ടിക്കാനാണ് സുരേന്ദ്രന്‍റെ ശ്രമമെന്നാണ് ഔദ്യോഗിക വിഭാഗത്തിന്‍റെ വിലയിരുത്തൽ. പുതിയ സംഭവികാസങ്ങൾ പാർട്ടിയുടെ ചെറുത്തുനിൽപ്പിനെ ദുർബലമാക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായം.