സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി ബിജെപിയിൽ തമ്മിലടി; സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി

Jaihind Webdesk
Friday, February 15, 2019

ലോക്സഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടികയെച്ചൊല്ലി ബിജെപിയിൽ തമ്മിലടി. തെരഞ്ഞെടുപ്പ് സമിതി ചേരാതെ സംസ്ഥാനത്തു നിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിച്ച സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരൻപിള്ളയുടെ നടപടിയ്ക്കെതിരെ മുരളീധര-കൃഷ്ണദാസ് പക്ഷങ്ങളിലെ നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയെന്നാണ് സൂചന. ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവുവിന്‍റെ നേതൃത്വത്തിൽ ചേരുന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലും പിള്ളയ്ക്കെതിരെ വിമര്‍ശനം ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുഡിഎഫും എൽഎഡിഎഫും സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി കേന്ദ്ര നേതൃത്വങ്ങള്‍ക്ക് കൈമാറുന്നതിനു മുൻപേ ബിജെപി സംസ്ഥാന ഘടകം സ്ഥാനാര്‍ത്ഥി പട്ടിക കൈമാറിയത് വലിയ നേട്ടമായാണ് ശ്രീധരൻ പിള്ള വിഭാഗത്തിന്‍റെ പ്രചരണം. എന്നാൽ പട്ടിക തയ്യാറാക്കുന്നതിനു മുൻപ് കോര്‍ കമ്മിറ്റിയിൽ വിശദമായ ചര്‍ച്ച ഉണ്ടായില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി പോലും ചേര്‍ന്നില്ലെന്നുമാണ് എതിര്‍വാദം. കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ അഖിലേന്ത്യ സെക്രട്ടറി സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ച മാത്രമാണ് പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ഏക നടപടിയെന്നും വിമര്‍ശനം ഉയരുന്നു. ഏകപക്ഷീയമായ രീതിയിൽ പട്ടിക തയ്യാറാക്കിയ രീതിയോട് മാത്രമാണ് നേതാക്കള്‍ക്ക് എതിര്‍പ്പ്.

teevandi enkile ennodu para