ആടിയുലഞ്ഞ് ഇന്ത്യന്‍ സാമ്പത്തികരംഗം; ധനമന്ത്രി നിർമല സീതാരാമനെ മാറ്റണമെന്ന ആവശ്യം ശക്തം; ബി.ജെ.പിക്കുള്ളിലും കലഹം

Jaihind Webdesk
Sunday, August 4, 2019

ധനമന്ത്രി നിർമല സീതാരാമനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ആദ്യ മോദി സർക്കാരിന് ഒപ്പം നിന്ന വ്യവസായികളും കോർപറേറ്റുകളുമെല്ലാം കടുത്ത ആശങ്കയിലും പ്രതിഷേധത്തിലുമാണിപ്പോള്‍.  തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം ഇന്ത്യന്‍ സാമ്പത്തികരംഗത്തിന്‍റെ തകർച്ചയില്‍ ആശങ്കയിലാണ് ബിസിനസ് മേഖല.  ബി.ജെ.പിക്കുള്ളിലും നിര്‍മല സീതാരാമനെതിരെ പ്രതിഷേധമുണ്ട്. ഇതിനിടെ ധനമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും രംഗത്തെത്തി.

കടുത്ത പ്രതിഷേധമാണ് ധനമന്ത്രി നിർമല സീതാരാമനെതിരെ ഉയരുന്നത്. നിര്‍മല സീതാരാമനെ ധനമന്ത്രിസ്ഥാനത്തുനിന്ന് മാറ്റി കാര്യപ്രാപ്തിയുള്ള ആരെയെങ്കിലും നിയമിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. അതേസമയം വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങള്‍ ട്വീറ്റ് ചെയ്ത് സാമ്പത്തികരംഗം ഭദ്രമെന്ന്  അവകാശവാദം ഉന്നയിച്ച നിർമല സീതാരാമനെതിരെ പ്രതിഷേധം ഇരമ്പി. ബിസിനസ് മേഖലയിലുള്ള കടുത്ത ബി.ജെ.പി അനുഭാവികള്‍പോലും ധനമന്ത്രിക്കെതിരെ രംഗത്തെത്തുകയായിരുന്നു.

കഫെ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യവും ചിലര്‍ ചൂണ്ടിക്കാട്ടി. വ്യവസായികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും എത്രയും പെട്ടെന്ന് സർക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വലിയ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും ബിസിനസ് മേഖലയിലെ പ്രമുഖര്‍ പറയുന്നു. ധനകാര്യം കൈകൈര്യം ചെയ്യുന്നതില്‍ തികച്ചും പരാജയമാണ് നിർമല സീതാരാമനെന്നും, ധനമന്ത്രിസ്ഥാനം വിഷയത്തില്‍ അവഗാഹമുള്ള ആരെയെങ്കിലും എത്രയും പെട്ടെന്ന് ഏല്‍പിക്കേണ്ടതുണ്ട് എന്നും വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെല്ലപ്പോക്കിലാണെന്ന വിമർശനവുമായി നീതി അയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമിതാബ് കാന്ത് രംഗത്തെത്തിയിരുന്നു. മോദി സർക്കാരിന്‍റെ സാമ്പത്തിക രംഗത്തെ അപ്രായോഗിക നടപടികളാണ് തിരിച്ചടിക്ക് കാരണമായതെന്നും അമിതാബ് കാന്ത് പറഞ്ഞിരുന്നു. നിര്‍മല സീതാരാമനെതിരെ നിലപാടെടുത്ത ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയെ പിന്തുണച്ച് ബി.ജെ.പിക്കുള്ളില്‍ ഒരു വിഭാഗം രംഗത്തെത്തി. ഇതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് ധനമന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. കോര്‍പറേറ്റുകളുടെയും ബിസിനസ് മേഖലയിലുള്ളവരുടെയും എതിര്‍പ്പ് ഏറ്റുവാങ്ങേണ്ടിവരുന്നതില്‍ കടുത്ത ആശങ്കയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും.