യൂണിവേഴ്സിറ്റി കോളേജ് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ ഇടപെടൽ

Jaihind Webdesk
Saturday, July 13, 2019

യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ ഇടപെടൽ. അനുനയ ചർച്ചയ്ക്ക് എത്തിയതായി അഖിലിന്‍റെ അച്ഛൻ ചന്ദ്രൻ വെളിപ്പെടുത്തി. കേസുമായി മുന്നോട്ട് പോകാനാണോ താൽപര്യമെന്ന് ഇന്നലെ ആശുപത്രിയിൽ അഖിലിനെ സന്ദർശിച്ച സിപിഎം ജില്ലാ നേതൃത്വം ചോദിച്ചുവെന്നും ചന്ദ്രൻ പറഞ്ഞു.

എസ്.എഫ്.ഐ പ്രവർത്തകരുടെ അക്രമത്തിൽ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിലിന് കുത്തേറ്റ സംഭവം വിവാദമായതോടെയാണ് അനുനയ ശ്രമത്തിനായി സിപിഎം ജില്ലാ നേതൃത്വം നീക്കം നടത്തിയത്. കേസുമായി മുന്നോട്ട് പോകാനാണോ താൽപര്യമെന്ന് ഇന്നലെ ആശുപത്രിയിൽ അഖിലിനെ സന്ദർശിച്ച ശേഷം ജില്ലാ നേതൃത്വം ചോദിച്ചതായി ചന്ദ്രൽ പറഞ്ഞു. ഏത് വിധത്തിലുള്ള സമ്മർദ്ദമുണ്ടായാലും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ചന്ദ്രൻ
പറഞ്ഞു.

അഖിലിന്‍റെ ആ​ഗ്രഹപ്രകാരമാണ് യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നത്. കോളേജിൽ ചേർന്ന സമയത്ത് തന്നെ എസ്എഫ്ഐ പ്രവർത്തകർ അഖിലിനെ പലതരത്തിൽ പ്രകോപിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും അഖിലിന്‍റെ അച്ഛൻ വെളുപ്പെടുത്തി.

തങ്ങളുടേത് ഒരു പാർട്ടി കുടുംബമാണ്. താനിപ്പോഴും സിപിഎംകാരൻ തന്നെയാണ്. പാർട്ടിയുമായി യാതൊരു പ്രശ്നവുമില്ല. എന്നാൽ കേസിലൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ചന്ദ്രൻ വ്യക്തമാക്കി. കേസ് ഒതുക്കി തീർക്കാനുള്ള ശ്രമം പാളിയതോടെ പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള മറ്റ് നീക്കങ്ങൾ നടത്തുകയാണ് ജില്ലാ നേതൃത്വം.