പോക്സോ കേസ് പൊലീസ് ഒതുക്കിയതായി പരാതി ; പ്രതിക്കും പൊലീസുകാര്‍ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യം

Jaihind Webdesk
Thursday, July 15, 2021

മലപ്പുറം : പെരിന്തൽമണ്ണയിൽ പോക്സോ കേസ് പൊലീസ് ഒത്തുതീര്‍പ്പാക്കിയെന്ന് ഇരയുടെ അമ്മയുടെ പരാതി. അയല്‍വാസിയായ യുവാവ് നാലര വയസുകാരിയെ പീഡിപ്പിച്ചു എന്ന് കുട്ടിയുടെ അമ്മ. കേസെടുക്കാതെ പൊലീസ് ഒത്തു തീര്‍പ്പെഴുതിവിട്ടു എന്നാണ് അമ്മയുടെ പരാതി. എന്നാൽ അമ്മയുടെ വാദം പൊലീസ് നിഷേധിച്ചു.

ഇക്കഴിഞ്ഞ പത്താം തീയതി വീടിന് പുറത്തിറങ്ങിയ നാലര വയസുകാരിയെ അന്വേഷിച്ച് അമ്മ ഇറങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം കാണുന്നത്. അയൽവാസിയായ യുവാവ് മകളായ നാലര വയസുകാരിക്ക് നേരെ പൊതു വഴിയിൽ നഗ്നത കാണിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നതാണ് കാണാനിടയായത്. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ അമ്മയെ യുവാവ് ഫോണിൽ വിളിച്ച് മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തു. പിന്നീടാണ് അമ്മ പോലീസിൽ പരാതി നൽകിയത്. പൊലീസ് സ്റ്റേഷനില്‍ പ്രതിയോടൊപ്പം  രക്ഷാകർത്താക്കളും ഉണ്ടായിരുന്നു.

തനിക്കും മകൾക്കും നേരെ ഉണ്ടായ അനുഭവം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പോലീസ് കേസ് ഒത്തുതീർപ്പാക്കിയന്ന് അമ്മ പറയുന്നു. കൂടാതെ പണം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയതെന്ന് പോലീസ് തന്നെ പ്രചരിപ്പിച്ചെന്നും അമ്മ പറയുന്നു. ഇങ്ങനെ പ്രചരിപ്പിച്ച പോലീസുകാരനെതിരെ അമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. എന്നാൽ സംഭവം പോലീസ് നിഷേധിച്ചു . കുട്ടിക്ക് നേരെ ഉണ്ടായ ഉപദ്രവം പൊലീസിൽ അറിയിച്ചില്ലെന്നും അമ്മയ്ക്ക് നേരെ ഉണ്ടായ ഉപദ്രവം മാത്രമാണ് അറിയിച്ചത് എന്നുമാണ് പൊലീസിന്‍റെ വാദം. സംഭവത്തിൽ കുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരെയും കുറ്റക്കാരായ പൊലീസിനെതിരെയും നടപടി വേണമെന്നാണ് അമ്മയുടെ ആവശ്യം.