കൊവിഡ് രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കല്‍; പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ ഹർജി നൽകി

Jaihind News Bureau
Monday, August 17, 2020

 

കൊച്ചി: കൊവിഡ് രോഗികളുടെ ഫോൺ വിളി പരിശോധിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി. ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്ന നടപടി ഭരണഘടന വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ഹർജിയിൽ പറയുന്നു.

സർക്കാർ നടപടി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും രമേശ് ചെന്നിത്തലയുടെ ഹർജിയിൽ ആരോപിക്കുന്നു. കൊവിഡ് രോഗികൾ ക്വാറന്‍റൈന്‍ ലംഘിക്കുന്നുണ്ടോ എന്നറിയാൻ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ മതി. ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കേണ്ടതില്ല. വ്യക്തികളുടെ അനുമതിയില്ലാതെ ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും രമേശ് ചെന്നിത്തലയുടെ ഹർജിയിൽ പറയുന്നു.

അതീവപ്രാധാന്യമുള്ള കേസുകളുടെ അന്വേഷണത്തിനും, ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിലുമാണ് ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാറുള്ളത്. കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് പൊലീസിനെ തടയണമെന്ന് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ ആവശ്യപ്പെടുന്നു. ഫോൺവിളി വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകുന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കാണമെന്നും ആവശ്യമുണ്ട്. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും എതിർകക്ഷികളാക്കിയാണ് ഹർജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് നാളെ പരിഗണിക്കും.