മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

Jaihind News Bureau
Wednesday, November 6, 2019

മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. ലേഖനം എഴുതാൻ മുൻകൂർ അനുമതിയുടെ ആവശ്യമില്ല. ലേഖനത്തിലെ പരാമർശം ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സർക്കാരിന്‍റെ അനുമതിയോടെയാണോ ചീഫ് സെക്രട്ടറി ലേഖനമെഴുതിയതെന്ന പ്രതിപക്ഷ നേതാവിന്‍റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

മഞ്ചിക്കണ്ടിയിൽ നടന്ന മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറിയെ പൂർണമായും പിന്തുണച്ചാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ചീഫ് സെക്രട്ടറിയുടെ മാവോ ലേഖനം അനുചിതമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് ആവശ്യം ഉയർന്നത്.

സർക്കാരിന്റെ അനുമതിയില്ലാതെയാണ് ലേഖനമെഴുതിയതെന്ന് മുഖ്യമന്ത്രി സമ്മതിച്ചെങ്കിലും ചീഫ് സെക്രട്ടറിയെ തള്ളിപ്പറയാതെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ലേഖനത്തിലെ പരാമർശം ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായമായി മാത്രം മുഖ്യമന്ത്രി ലഘൂകരിച്ചു.

ചീഫ് സെക്രട്ടറിയുടെ ലേഖനം ക്രൈംബ്രാഞ്ച് അന്വേഷണത്തെ ബാധക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ലേഖനത്തെ കടുത്ത ഭാഷയിലാണ് സി പി ഐ ഉൾപ്പെടെ വിമർശിച്ചത്. വരും ദിവസങ്ങളിലും വിഷയം ചർച്ചയാകും.