ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് തള്ളി മുഖ്യമന്ത്രി; കോടതി വിധി നടപ്പാക്കുമെന്ന് പിണറായി വിജയന്‍

Jaihind News Bureau
Thursday, August 29, 2019

ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ മുൻ നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം ആവർത്തിച്ചു. സുപ്രീം കോടതി എന്ത് നിലപാട് സ്വീകരിച്ചാലും സർക്കാർ അത് നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്തുമെന്ന് വിശ്വാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചവർ യഥാർത്ഥത്തിൽ അവരെ വഞ്ചിക്കുകയായിരുന്നു. കേന്ദ്ര മന്ത്രിസഭാംഗങ്ങൾ തന്നെ അത് നിരാകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

നവോത്ഥാനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വനിതാ മതിലിന്‍റെ വിജയം രസിക്കാത്തവരാണ് ശബരിമലയിൽ രണ്ട് യുവതികളെ സർക്കാർ കയറ്റിയെന്ന് പ്രചാരണം നടത്തിയതെന്നും അദ്ദേഹം അറിയിച്ചു. ഭരണത്തിന്‍റെ വിലയിരുത്തൽ എല്ലാ കാലത്തുമുണ്ടാകുമെന്നും പാലാ ഉപതെരഞ്ഞെടുപ്പിലും സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനം വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസിലെ തർക്കങ്ങൾ എൽ ഡി.എഫ് കാര്യമായി എടുക്കുന്നില്ല. എൽ.ഡി.എഫിന് അല്ലാതെ തന്നെ മികച്ച വിജയ സാധ്യയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പ്രീ ഫാബ്രിക്കേറ്റഡ് വീട് നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള ബോധവത്ക്കരണത്തിന് സർക്കാർ പ്രചാരണം നടത്തും. വീട് നിർമ്മാണത്തിന്‍റെ ഭാഗമായി ഭൂമിയെപ്പറ്റി കെ.പി സുധീർ കൺവീനറായ സമിതി ഗൗരവപഠനം നടത്തി മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി