സ്പ്രിങ്ക്‌ളറില്‍ നിന്ന് തടിയൂരാന്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലുടനീളം അരങ്ങേറിയത് നാടകീയസംഭവങ്ങള്‍; വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം അനുകൂല മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രം അവസരം

Jaihind News Bureau
Wednesday, April 22, 2020

മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായി നടന്ന നാടകീയ സംഭവങ്ങളാണ് ബുധനാഴ്ച്ച മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലുടനീളം അരങ്ങേറിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനായി മുഖ്യമന്ത്രി ബ്രീഫിങ്ങ് ദീര്‍ഘിപ്പിക്കുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തുന്നു. മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങള്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കാതിരിക്കുന്നതിനായി സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.

വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള പത്രസമ്മേളനത്തിനായി മുഖ്യമന്ത്രി നോര്‍ത്ത് ബ്ലോക്കിലെ പ്രസ് കോണ്‍ഫറന്‍സ് ഹാളിലും മാധ്യമപ്രവര്‍ത്തകര്‍ സൗത്ത് ബ്ലോക്കിലെ പിആര്‍ഡി ചേമ്പറിലുമാണ് ഇരിക്കുന്നത്. സ്പ്രിങ്ക്‌ലറില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ചോദ്യങ്ങളെ പ്രതിരോധിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് സിപിഎം അനുകൂല മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നത്. ഇതിനെതിരെ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും പത്രസമ്മേളന ശേഷം വാക്കേറ്റം നടക്കുകയും ചെയ്തു. മുഖ്യമന്ത്രിയോട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാന്‍ സിപിഎം അനുകൂല മാധ്യമപ്രവര്‍ത്തകര്‍ അനുവദിക്കാത്തതാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ഇക്കാര്യം പിആര്‍ഡിയിലെ ഉദ്യോഗസ്ഥനോട് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ പരാതിപ്പെടുകയും ചെയ്തു.

ചോദ്യം ചോദിക്കാന്‍ അവസരം നല്‍കാതെ ഇഷ്ടക്കാര്‍ക്ക് വേണ്ടുവോളം സമയം നല്‍കിയുള്ള പ്രഹസനത്തിനു കൂട്ട് നില്‍ക്കാന്‍ തങ്ങള്‍ക്കാകില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ പിആര്‍ഡിയിലെ ഉദ്യോഗസ്ഥനെ അറിയിച്ചു. വിവാദപരമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പിആര്‍ഡി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ആറ് മണിക്ക് പത്രസമ്മേളനം ആരംഭിക്കുമെന്നാണ് പിആര്‍ഡി അറിയിച്ചിട്ടുള്ളത്. ഏഴ് മണിക്ക് അവസാനിക്കുമെന്ന് പറഞ്ഞിട്ടില്ല. ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ മുഖ്യമന്ത്രി കണ്ടെത്തിയിരിക്കുന്ന ന്യായമാണിത്.

അതേസമയം വിവാദവിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും കഴിഞ്ഞദിവസവും മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണുണ്ടായത്. സ്പ്രിങ്ക്ളര്‍ ഇടപാടിനെച്ചൊല്ലിയുള്ള ഹൈക്കോടതി പരാമര്‍ശത്തെക്കുറിച്ചും കൊവിഡിനിടയില്‍ പുതിയ ബാറുകള്‍ക്ക് അനുമതിനല്‍കിയതിലുള്‍പ്പചെയുള്ള ചോദ്യങ്ങളില്‍ മറുപടി പറയാതെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു മുഖ്യമന്ത്രി ഏറെയും സംസാരിച്ചത്. ഏഴ് മണിയായതിനാല്‍ ഇനി ചോദ്യോത്തരങ്ങള്‍ക്ക് സമയമില്ലെന്നും അടുത്തദിവസം കാണാമെന്നും പറഞ്ഞ് അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.