പി.എസ്.സി ക്രമക്കേടിൽ സി.ബി.ഐ അന്വേഷണ വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Jaihind News Bureau
Thursday, November 7, 2019

പി.എസ്.സി ക്രമക്കേടിൽ സി.ബി.ഐ അന്വേഷണ വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി മുഖ്യമന്ത്രി. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിനും അനുമതി നിഷേധിച്ചു. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പി എസ് സി പരീക്ഷാ തട്ടിപ്പിലെ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടി ക്രൈംബ്രാഞ്ച് ബോധപൂർവ്വം ശ്രമം നടത്തിയെന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. പി.എസ്.സി യിലെ മറ്റ് ഉദ്യോഗാർത്ഥികൾ വഞ്ചിതരാകുകയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ അനൂപ് ജേക്കബ് സഭയിൽ പറഞ്ഞു. ചോദ്യപേപ്പർ ചോർന്നിട്ടില്ലെങ്കിൽ ശൂന്യതയിൽ നിന്നാണൊ പ്രതികൾ ഉത്തരമെഴുതിയതെന്നും അനൂപ് ജേക്കബ് ചോദിച്ചു.

റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് താൽക്കാലികമായി അഡ്വൈസ് മെമൊ നൽകാൻ പി.എസ്.സിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമാണെന്നും സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി നിലപാട് അറിയിച്ചു.

മുഖ്യമന്ത്രിയുടെ പോലീസ് തന്നെയാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ അവസരമുണ്ടാക്കിയതെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് പറഞ്ഞു.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.