പ്രളയ ദുരിതാശ്വാസം : മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും ഗൾഫ് യാത്ര പരാജയമെന്ന് തുറന്ന് സമ്മതിച്ച് സർക്കാർ

Jaihind Webdesk
Friday, June 7, 2019

പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തിയ ഗൾഫ് യാത്ര പരാജയമെന്ന് തുറന്ന് സമ്മതിച്ച് സർക്കാർ. 4.23 ലക്ഷം രൂപ യാത്രയ്ക്കായി ചെലവഴിച്ചപ്പോൾ അവിടെ നിന്നുള്ള സംഭാവനയായി ഒന്നും ലഭിച്ചില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയിട്ടുള്ളത്.

പ്രതിപക്ഷത്തു നിന്നും വി.ടി ബൽറാമിന്‍റെ ചോദ്യത്തിന് ഉത്തരമായാണ് പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടിയുള്ള ഗൾഫ് യാത്ര പരാജയമായെന്ന് മുഖ്യമന്ത്രി തുറന്നു സമ്മതിക്കുന്നത്. മുഖ്യമന്ത്രിയും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവനും പരിവാരങ്ങളും ഗൾഫ് യാത്ര നടത്തിയതിന് വിമാനയാത്രാക്കൂലി ഇനത്തിൽ 3,72,731 രൂപയും ഡി.എ ഇനത്തിൽ 51,960 രൂപയും ചെലവായതായാണ് മറുപടിയിലുള്ളത്. ഇതു പ്രകാരം ആകെ 4,24,691 രൂപയാണ് സർക്കാർ ചിലവഴിച്ചത്. അതേസമയം, പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്ന് സഹായം ലഭിച്ചിട്ടില്ലെന്ന് സി.എഫ്. തോമസ്, പി.ജെ. ജോസഫ്, മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ് എന്നിവരുടെ മറ്റൊരു ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയതോടെയാണ് യാത്ര പരാജയമായെന്ന ചിത്രം വ്യക്തമായത്.

പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമ്മിതി സംബന്ധിച്ച ചർച്ചകൾക്കും അതിന് വിദേശമലയാളികളടക്കമുള്ളവരുടെ സാമ്പത്തിക-സാങ്കേതിക സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതിനുമാണ് മുഖ്യമന്ത്രി യു.എ.ഇ സന്ദർശിച്ചത്. യാത്ര പരാജയമായെന്ന് നിയമസഭയിൽ തുറന്ന് സമ്മതിക്കുന്ന സർക്കാർ ഇതോടെ വീണ്ടും കുരുക്കിലാവുകയും ചെയ്തു. ജനുവരി 22 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3229.25 കോടി പിരിഞ്ഞു കിട്ടിയെന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നു കിട്ടിയ സർക്കാരിതര സംഭാവനകൾ പ്രത്യേകം ക്രോഡീകരിച്ചിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.