സ്‌കൂളുകളില്‍ ശനിയാഴ്ചകളിലും ഇനി ക്ലാസ്; ഓണപ്പരീക്ഷ മാറ്റില്ല; പ്രളയത്തില്‍ നഷ്ടപ്പെട്ട ക്ലാസുകള്‍ തിരിച്ചുപിടിക്കാന്‍ നടപടികള്‍

Jaihind Webdesk
Saturday, August 17, 2019

തിരുവനന്തപുരം: മഴക്കെടുതിയെത്തുടര്‍ന്ന് അധ്യയന ദിനങ്ങള്‍ നഷ്ടമായതു പരിഹരിക്കാന്‍ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. നഷ്ടമായ അധ്യയന ദിനങ്ങളുടെ എണ്ണം അനുസരിച്ച് ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാനാണ് അതതു ഡിഡിഇമാര്‍ക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ടാം ശനിയാഴ്ചകള്‍ ഒഴികെയുള്ളവ പ്രവൃത്തിദിനമാക്കും. എന്നാല്‍ ഓണപ്പരീക്ഷകളുടെ തീയതിയില്‍ മാറ്റമുണ്ടാവില്ല. 200 അധ്യനയ ദിനങ്ങള്‍ ലക്ഷ്യമിട്ടിരുന്ന കഴിഞ്ഞ വര്‍ഷം 172 ദിനങ്ങള്‍ മാത്രമാണ് നടന്നത്. അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനായാണ് ഇത്തവണ ശനിയാഴ്ചകളിലും ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.