സിപിഐ വർഗവഞ്ചകരെന്ന് സിപിഎം വാരിക : ഇടത് മുന്നണിയില്‍ പോര് മുറുകുന്നു

Jaihind Webdesk
Sunday, March 13, 2022

തിരുവനന്തപുരം : സിപിഐക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം പ്രസിദ്ധീകരണമായ ചിന്ത വാരിക. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വർഗവഞ്ചകരെന്ന വിശേഷണം അന്വർഥമാക്കുന്നവരുമാണ് സിപിഐ.  കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയായിരുന്നു സിപിഐ എന്നും വാരിക വിമർശിക്കുന്നു.

‘തിരുത്തൽവാദത്തിന്‍റെ ചരിത്രവേരുകൾ’ എന്ന പേരിലാണ് സിപിഐക്കെതിരെയുള്ള ചിന്തയിലെ ലേഖനം.പാർട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് സിപിഐ തയ്യാറാക്കിയ കുറിപ്പിൽ ഇടതുപക്ഷത്തെ തിരുത്തൽശക്തിയായി നിലകൊള്ളുമെന്ന പ്രയോഗമുണ്ടായിരുന്നു. ഇടതുപക്ഷത്തെ തിരുത്തൽശക്തിയെന്നത് മുമ്പ് വലതുപക്ഷമാധ്യമങ്ങൾ സിപിഎമ്മിനെ കുത്താനായി സിപിഐക്ക് ചാർത്തിക്കൊടുത്ത പദവിയാണ്. ഇത്തവണ ആ പട്ടം അവർ സ്വയം എടുത്തണിഞ്ഞിരിക്കയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

സന്ദർഭം കിട്ടിയപ്പോഴൊക്കെയും ബൂർഷ്വാപാർട്ടികൾക്കൊപ്പം അധികാരം പങ്കിടാൻ സിപിഐ ക്ക് ഒരുമടിയും ഉണ്ടായിരുന്നില്ല. ഒന്നാം യുപിഎ സർക്കാരിൽ പങ്കാളിയാകാൻ സിപിഐയ്ക്ക് താത്‌പര്യമുണ്ടായിരുന്നു. സിപിഎം അതിനുസന്നദ്ധമല്ലാതിരുന്നതിനാൽ ആ ശ്രമം പരാജയപ്പെടുകയായിരുന്നു.

സിപിഐ യുടെ സഹചാരികളായിരുന്ന ഒട്ടേറെ പാർട്ടികൾ കമ്യൂണിസ്റ്റ് എന്നപേരും ചെങ്കൊടിയും ഉപേക്ഷിച്ച് സോഷ്യൽ ഡെമോക്രാറ്റുകളായി രൂപാന്തരപ്പെട്ടു. സിപിഐയും അവർക്കൊപ്പം ചേരേണ്ടതായിരുന്നുവെന്നാണ് ലേഖനം പറയുന്നത്.