ഇന്ന് ചിങ്ങം ഒന്ന്; പ്രളയക്കെടുതിക്കിടെ മലയാളിക്ക് അതിജീവനത്തിന്‍റെ പുതുവർഷം

Jaihind News Bureau
Saturday, August 17, 2019

ഇന്ന് മലയാളത്തിന്‍റെ കലണ്ടർ വർഷമായ ചിങ്ങം ഒന്ന്. സമ്പൽസമൃദ്ധിയുടെയും പ്രതീക്ഷകളുടെയും തുടക്കമാണ് മലയാളികൾക്ക്. മറ്റൊരു ചിങ്ങം കൂടി വന്നെത്തുമ്പോൾ കഴിഞ്ഞ വർഷത്തെ പോലെ ദുരിതമഴ സംഹാര താണ്ഡവമാടുന്ന കാഴ്ച്ചയുടെ ഭീതിയിലാണ് ഒരോ മലയാളിയും.

ചിങ്ങമാസമെന്നാൽ സമൃദ്ധിയുടെയും അഭിവൃദ്ധിയുടെയും നല്ല ഓർമ്മകളാണ് മലയാളിക്കെന്നും. വയലേലകളും കൃഷിയിടങ്ങളും കാലത്തിന്‍റെ സമൃദ്ധിയുടെ ചിത്രങ്ങളായി നിറഞ്ഞുനിൽക്കുന്നു. ഓണത്തിന്‍റെ നല്ല ഓർമ്മകളും ചിങ്ങമാസം നമുക്ക് നൽകുന്നു. എന്നാൽ കേരളക്കര ഇതുവരെ കാണാത്ത ദുരന്തം നേരിടുന്ന സാഹചര്യത്തിലാണ് മറ്റൊരൂ ചിങ്ങമാസം കൂടി നമുടെ മുന്നിലേക്ക് കടന്നുവന്നത്. ദുരിതം പെയ്ത മഴയാൽ കൃഷിഭൂമികളും വയലേലകളും പ്രളയത്താൽ മൂടിയിരിക്കുകയാണ് ഇന്ന്.

അത്തക്കളവും പുത്തനുടുപ്പും മുറ്റത്തെ ഊഞ്ഞാലുകളും ഓണസദ്യയുമെല്ലാം തുടിക്കുന്ന ചിങ്ങത്തിന്‍റെ ഓർമ്മകൾ കഴിഞ്ഞ തവണത്തെ പോലെ
ഇത്തവണയും നമ്മിൽ നിറമേകില്ല. ആയിരകണക്കിനാളുകൾ സ്വന്തം ഗൃഹം വിട്ട് ക്യാമ്പുകളിലാണ്.

ജീവൻ മുറുകെ പിടിക്കാൻ നെട്ടോടമോടുന്നവർ ചിങ്ങമാസ ഓർമ്മയിലുപരി സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്ന ചിന്തകൾ അവരിൽ വേട്ടയാടുന്നുണ്ടാവാം. മൂടികെട്ടിയ ആകാശത്തെ ഭീതിയോടെയാണ് പലരും നോക്കുന്നത്. ചെറുതുള്ളി പോലും ഭയപ്പെടുത്തുന്നവയാണ്. പൊന്നിൻ ചിങ്ങത്തോടൊപ്പം മൂടികെട്ടിയ ആകാശത്തിൽ നിന്നും പൊൻകിരണമുയരും എന്ന പ്രതീക്ഷയിലാണ് ഇന്ന് ഓരോ മലയാളിയും.