മതങ്ങളുടെ ചൈനാവത്ക്കരണത്തിന് ‘പഞ്ചവത്സര പദ്ധതി’യുമായി ചൈനീസ് ഭരണകൂടം

Jaihind Webdesk
Monday, January 7, 2019

മതതീവ്രവാദത്തെ ചെറുക്കുന്നതിനും മതന്യൂനപക്ഷങ്ങളെ രാജ്യത്തിന്‍റെ കാഴ്ചപ്പാടിനൊപ്പം ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുകൊണ്ടുപോകാനും പുതിയ ‘പദ്ധതി’ ആവിഷ്കരിച്ച് ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം.

ഇസ്ലാം മതത്തെ ചൈനയുടെ സാമൂഹിക സാംസ്കാരിക പ്രത്യേകതകളോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പരുവപ്പെടുത്താനൊരുങ്ങുകയാണ് ഇപ്പോള്‍ ചൈനീസ് ഭരണകൂടം. ഇതിനായി രാജ്യത്തെ എട്ട് ഇസ്ലാമിക് സംഘടനകളുടെ പ്രതിനിധികളുമായി ഷി ജിന്‍ പിങ് ഭരണകൂടം കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ഇസ്ലാം മതത്തെ ചൈനാവൽക്കരിക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തതായും സൂചനയുണ്ട്. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് പദ്ധതി നടപ്പാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചൈനയിലെ ഇസ്ലാമിനെ സോഷ്യലിസ്റ്റ് വ്യവസ്ഥയുമായി അനുയോജ്യമാക്കുന്നതിനായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

മതങ്ങൾ ചൈനയുടെ സാമൂഹിക സാംസ്കാരിക പ്രത്യശാസ്ത്രങ്ങളെ തിരിച്ചറിഞ്ഞ് അതിനോടിണങ്ങിയും എന്നാല്‍ വിശ്വാസങ്ങളെ തനിമയോടെ നിലനിർത്തി കൊണ്ടുപോകാനുള്ള ഒരു ശ്രമമെന്ന നിലയിലാണ് മതങ്ങളുടെ ചൈനാവൽക്കരണത്തിലൂടെ ചൈന ഉന്നംവെക്കുന്നത്. മതത്തെ കാര്യക്ഷമമായി ഭരിക്കുന്നതിൽ ഏറെ മുന്നേറിയിട്ടുണ്ടെന്നും മതതീവ്രവാദത്തെ ചെറുക്കുന്നതിൽ തങ്ങൾ വിജയിച്ചിട്ടുണ്ടെന്നും ചൈന പറയുന്നു. ഈ വഴിക്ക് കൂടുതൽ മുന്നേറണമെങ്കിൽ വിദേശത്തു നിന്നും ചൈനയിലെ മതങ്ങളിലേക്കുള്ള ഇടപെടലുകളെ ഇല്ലാതാക്കേണ്ടതുണ്ട്. പുറത്തുനിന്നുള്ള തീവ്രവാദ ആശയങ്ങളും സാമ്പത്തികസഹായങ്ങളും തടയേണ്ടതുണ്ട്. ഇത്തരത്തില്‍ വിശാലമായ ലക്ഷ്യങ്ങളോടെയാണ് ചൈന മതങ്ങളുടെ ചൈനാവത്ക്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്.

അഞ്ച് മതങ്ങളാണ് രാജ്യത്ത് പാർട്ടി അനുവദിച്ചിട്ടുള്ളത്. ബുദ്ധിസം, താവോയിസം, ഇസ്ലാം, പ്രൊട്ടസ്റ്റന്‍റിസം, കത്തോലിസിസം എന്നിവയാണ് ഇവ. ഇസ്ലാമിൽ വിശ്വസിക്കാൻ അനുവാദം നൽകുന്നുണ്ടെങ്കിലും നിലവില്‍ നിരവധി നിയന്ത്രണങ്ങളുള്ളതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താടി വളർത്തുന്നതും ഹിജാബ് ഉപയോഗിക്കുന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും ബാങ്ക് വിളിക്കാന്‍ പോലും നിയന്ത്രണങ്ങളുണ്ടെന്നുമാണ്  റിപ്പോര്‍ട്ടുകള്‍. ക്രിസ്ത്യന്‍, ബുദ്ധമതങ്ങള്‍ക്കെതിരെയും ചൈനയില്‍ ആക്രമണങ്ങളുണ്ടാകുന്നുണ്ട്. ബൈബിള്‍ കത്തിക്കലും പള്ളിപൊളിക്കലുമെല്ലാം നിത്യസംഭവങ്ങളാണ്.

ചൈനയിലെ സിങ്ജിയാങ് ഉയ്ഗുർ അട്ടോണമസ് പ്രദേശത്തെ മുസ്ലിം വിഭാഗവുമായി ഭരണകൂടം ദീർഘകാലമായി പ്രശ്നങ്ങളിലാണ്. ഈ മേഖലയില്‍ വളർന്നു വന്നിട്ടുള്ള തീവ്രവാദത്തെ പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നാണ് ചൈന പറയുന്നത്. പുതിയ കാലത്ത് മതങ്ങളുടെ നവീനവൽക്കരണം ലോകത്തെമ്പാടും നടന്നുവരുന്നുണ്ടെന്നും ചൈനയിലെ ഇസ്ലാമിനെയും അവ ബാധിക്കുന്നുണ്ടെന്നുമാണ് ചൈനീസ് ഭരണകൂടം കരുതുന്നത്. എന്നാല്‍ തീവ്രവാദത്തെ തടയാനുള്ള സാംസ്കാരിക-സാമൂഹിക പ്രതിരോധം തീര്‍ക്കാനാണ് തങ്ങളുടെ നീക്കം എന്ന് ചൈന പറയുമ്പോഴും ഇസ്ലാം മതത്തെ വേരോടെ പിഴുതുനീക്കാനാണ് പുതിയ നീക്കമെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഏതായാലും മതങ്ങളുടെ ചൈനാവത്ക്കരണം എന്ന പഞ്ചവത്സര പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് ഷി ജിന്‍പിങ് ഭരണകൂടം.