‘മുഖ്യമന്ത്രിയുടെ ഓഫീസ് നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറി’: ജെബി മേത്തർ എംപി

Jaihind Webdesk
Sunday, August 14, 2022

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് നിയമലംഘന കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജെബി മേത്തർ എം.പി. കെപിസിസി പ്രസിഡന്‍റ് അടക്കമുള്ള നേതാക്കളെ കള്ളക്കേസിൽ കുടുക്കാനാണ് പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് നിയമ ലംഘനം നടത്തുന്നവരെ മുഖ്യമന്ത്രി പുറത്താക്കണമെന്നും ജെബി മേത്തർ എംപി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ് വളഞ്ഞ വഴിയിലൂടെ ബന്ധു നിയമനം നടത്തുന്നു. യോഗ്യതയില്ലാതെ ലഭിച്ച കണ്ണൂർ സർവകലാശാലയിലെ നിയമനം വേണ്ടെന്ന് വെക്കാൻ കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ് സ്വയം തയാറാവണം. നിയമനം റദ്ദാക്കണമെന്ന് രാഗേഷും പറയണം. സർവകലാശാലകളിലെ നിയമനങ്ങൾ സി.പി.എം. നേതാക്കളുടെ ബന്ധുക്കൾക്ക് സംവരണം ചെയ്തിരിക്കുകയാണ്. ഈ നിയമലംഘനങ്ങൾക്കെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ടെന്നും ജെബി മേത്തർ എംപി ചൂണ്ടിക്കാട്ടി.

പുരാവസ്തു കേസിൽ യഥാർത്ഥ തട്ടിപ്പുകാരായ പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയ ക്രൈം ബ്രാഞ്ച്, ഒരു ബന്ധവുമില്ലാത്ത കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയെ കുടുക്കാൻ ശ്രമിക്കുകയാണ്. കോടതി നിർദ്ദേശിച്ചിട്ടും ഇ.പി ജയരാജന് എതിരെ അന്വേഷണം നടത്താൻ പോലീസ് തയാറാവാത്തത് അട്ടിമറിയാണെന്നും ജെബി മേത്തർ എംപി ചൂണ്ടിക്കാട്ടി.