രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം; മോദി മര്യാദയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നു: പി ചിദംബരം

Jaihind Webdesk
Sunday, May 5, 2019

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ രാജീവ് ഗാന്ധിയെപ്പോലൊരാളെ അപമാനിക്കുക വഴി സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും മോദി ലംഘിച്ചിരിക്കുകയാണെന്ന് ചിദംബരം പറഞ്ഞു. താങ്കള്‍ക്ക് വായനാശീലം എന്നൊന്ന് ഉണ്ടോയെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും ഇതുവരെ വായിച്ചിട്ടുണ്ടോ എന്നും ചിദംബരം ചോദിച്ചു.

തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. രാജീവ് ഗാന്ധിക്കെതിരെ അന്നുയര്‍ന്ന എല്ലാ ആരോപണങ്ങളും ഡല്‍ഹി ഹൈക്കോടതി തന്നെ തെറ്റാണെന്ന് കണ്ടെത്തിയതാണ്.

‘പ്രധാനമന്ത്രീ താങ്കള്‍ ഇതുവരെ എന്തെങ്കിലും വായിച്ചിട്ടുണ്ടോ? രാജീവ് ഗാന്ധിക്കെതിരെ ഉയര്‍ന്ന കേസുകള്‍ ഡല്‍ഹി ഹൈക്കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആയിരുന്നു അതെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. ഹൈക്കോടതി വിധിക്കെതിരെ ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചിരുന്നില്ല എന്ന കാര്യം താങ്കള്‍ക്ക് അറിയുമോ? – ചിദംബരം ചോദിച്ചു.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലിലായിരുന്നു രാജീവ് ഗാന്ധിക്കെതിരെ മോദിയുടെ വിവാദ പരാമര്‍ശം. അടിസ്ഥാനരഹിതമായ മോദിയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പടരുന്നത്.