ചെമ്പരിക്ക ഖാസിയുടെ മരണം : പുനരന്വേഷിക്കുന്നതിനുള്ള സിബിഐ സംഘം കാസർകോട്ട് തെളിവെടുപ്പ് നടത്തി

ചെമ്പരിക്ക ഖാസിയുടെ മരണം പുനരന്വേഷിക്കുന്നതിനുള്ള സിബിഐ സംഘം കാസർകോട്ട് തെളിവെടുപ്പ് നടത്തി. മരണത്തിലെ ദുരുഹത പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കർമ്മ സമതി നടത്തുന്ന അനിശ്ചിതകാല സമരം 265 ദിവസം പിന്നിടുന്നതിനിടെയാണ് ശാസ്ത്രീയ പരിശോധനയുമായി സംഘം വീണ്ടും എത്തിയത്.

ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിൽ മൂന്നാം തവണയാണ് സിബിഐ അന്വേഷണം വരുന്നത്. കേസിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന എറണാകുളം സിജെഎം കോടതി നിർദ്ദേശപ്രകാരമാണ് സിബിഐ സംഘം വീണ്ടുമെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് പുറമെ പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസേർച്ചിലെ ഡോക്ടർമാരും സംഘത്തിലുണ്ടായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മറ്റ് അടുപ്പക്കാരുമായി സംസാരിച്ച് മരിച്ചയാളിന്‍റെ മനോനില മനസിലാക്കുന്ന രീതിയായ സൈക്കോളജിക്കൽ ഓട്ടോപ്സിയുടെ ഭാഗമായാണ് അന്വേഷണ സംഘം ജില്ലയിലെത്തിയത്. കീഴൂർ ചെമ്പരിക്കയിലെ ഖാസി താമസിച്ചിരുന്ന വീട്ടിലെത്തിയ സംഘം ഇവിടെ പരിശോധന നടത്തി ഖാസിയുടെ ബന്ധുക്കളുമായി സംസാരിച്ച് ഇവരുടെ മൊഴി രേഖപ്പെടുത്തി.

ഖാസിയെ മരിച്ച നിലയിൽ കണ്ടെത്തിയ ചെമ്പരിക്ക കടപ്പുറത്തും മലബാർ ഇസ്ലാമിക് കോംപ്ലക്സിലും അന്വേഷണ സംഘം പരിശോധന നടത്തി.
മനോരോഗ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. വികാസ് മേനോൻ, ഫോറൻസിക് മെഡിസിൻ തലവൻ ഡോ. കുസകുമാർ സാഹ, ഡോ. മൗഷ്മി പുർകായസ്ത, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.അറിവഴകൻ, സൈക്കാട്രി സോഷ്യൽ വർക്കർ കെ.ഗ്രീഷ്മ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Comments (0)
Add Comment