പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ റെക്കോർഡ് വിജയം നേടും; കെ.സി. വേണുഗോപാല്‍ എംപി

Jaihind Webdesk
Saturday, September 2, 2023

 

കോട്ടയം: പുതുപ്പള്ളിയിൽ യുഡിഎഫിന്‍റെ വിജയം സർവകാല റെക്കോർഡ് ആയിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. അതേസമയം ദേശീയ രാഷ്ട്രീയം നിർണ്ണായക വഴിത്തിരിവിലാണെന്നും 2024 ൽ ഇന്ത്യ മുന്നണി നരേന്ദ്ര മോദി സർക്കാരിനെ താഴെ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഉപതിരഞ്ഞെടുപ്പിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരിക്കും പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുക. ഇപ്പോഴത്തെ ഇടതു സർക്കാരിന്‍റെ നേട്ടം എന്ന് എടുത്തു പറയാനുള്ളത് കുറച്ചു വിവാദങ്ങൾ മാത്രമാണ്. കാർഷിക വ്യവസായ മേഖലക്ക് എന്താണ് സർക്കാർ നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു. കർഷകർ നീറുകയാണ്. കർഷകർക്ക് പകരം ഏറ്റവും കൂടുതൽ കുത്തക മുതലാളിമാരെ സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു. കർഷകരുടെ പ്രതിഷേധം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പ് ആയിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പെന്നും കെ.സി. വേണുഗോപാൽ എംപി വ്യക്തമാക്കി. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മൻ മഹാഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാറിന്‍റെ നിലപാടിനെതിരെയും കെ.സി. വേണുഗോപാല്‍ കടുത്ത ഭാഷയിൽ വിമർശനമുയർത്തി. മണിപ്പുർ കഴിഞ്ഞ നാല് മാസമായി കത്തിയെരിയുകയാണ്. ഈ വിഷയത്തെക്കുറിച്ച് ഒന്നു സംസാരിക്കാൻ പ്രധാനമന്ത്രിക്ക് 90 ദിവസം വേണ്ടിവന്നു. ജനങ്ങളെ വിഭജിച്ച് ഭരിക്കാൻ ആണ് ഇവിടെ ചിലർ ശ്രമിക്കുന്നത്. അധികാരം നിലനിർത്താൻ ഏത് അറ്റം വരെയും പോകുന്ന കാഴ്ചയാണ് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ രാഷ്ട്രീയം നിർണായകമായ വഴിത്തിരിവിലാണ്. അദാനിയുടെയും വേദാന്തയുടെയും പേരിലുള്ള തട്ടിപ്പുകൾ മറച്ചുവെക്കാൻ വേണ്ടിയിട്ടാണ് പെട്ടെന്ന് പാർലമെൻറ് സമ്മേളനം വിളിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാരിനെ ഇന്ത്യ മുന്നണി താഴെയിറക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.