അപ്പനെ പോലെ മകന്‍ ചാണ്ടിയും തിരക്കിലാണ്‌

Jaihind News Bureau
Tuesday, May 19, 2020

 

ലോക്ഡൗണ്‍ കാലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പോലെ തന്നെ തിരക്കിലാണ് മകന്‍ ചാണ്ടി ഉമ്മനും. ചാണ്ടി ഉമ്മന്‍റെ  ഇടപെടലിനെ തുടന്ന് ലോക്ഡൗണില്‍ വിവിധയിടങ്ങളില്‍ കുടുങ്ങിയ നിരവധി പേര്‍ക്കാണ് വീടണയാനായത്. അദ്ദേഹത്തിന്‍റെ  കരുതലിന് നന്ദി പറഞ്ഞ് ഇതിനോടകം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. പിതാവ് ഉമ്മന്‍ ചാണ്ടിയെ പോലെ ചാണ്ടിയും വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാകുമെന്ന് വീടണഞ്ഞവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഖൊരക്പൂര്‍ എന്‍ഐടിയില്‍ കുടുങ്ങിയ ഇരുപതോളം പേരടങ്ങുന്ന സംഘത്തെ ചാണ്ടി ഉമ്മന്‍റെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ചെന്നൈയിലെത്തുകയും ലോക്ഡൗണില്‍ കുടുങ്ങുകയും ചെയ്ത 24 പേരടങ്ങുന്ന സംഘവും ചാണ്ടി ഉമ്മന്‍റെ നേതൃത്വത്തില്‍ എര്‍പ്പെടുത്തിയ ബസില്‍ ശ്രീപെരുമ്പത്തൂരില്‍ നിന്നും നാട്ടിലേക്ക് യാത്രതിരിച്ചു.

വൈദ്യപരിശോധനകള്‍ക്കായി കേരളത്തിലെത്താനാകാതെ ബാംഗ്ലൂരില്‍ കുടുങ്ങിയ ദേബസ് എന്ന വിദ്യാര്‍ത്ഥിനിയും ചാണ്ടി ഉമ്മന് നന്ദി പറഞ്ഞ് രംഗത്തെത്തി. ബാംഗ്ലൂര്‍ ഡിസിസി സെക്രട്ടറി സുനില്‍ തോമസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ദേബസിന്റെ യാത്രയ്ക്ക് വഴിയൊരുക്കിയത്. യാത്രയ്ക്ക് സഹായമേകാന്‍ നിരവധി പേരെ ബന്ധപ്പെട്ടെങ്കിലും ആരും സഹായത്തിനായി എത്തിയിരുന്നില്ല. തുടര്‍ന്നാണ് ചാണ്ടി ഉമ്മനെ ദേബസ് ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഒരു ദിവസം കൊണ്ടു തന്നെ കേരളത്തിലേക്ക് എത്താനായെന്നും ദേബസ് പറയുന്നു.

കര്‍ണാടകയിലെ കൊപ്പ ആയുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥികളും ചാണ്ടി ഉമ്മന്‍റെ കനിവില്‍ കേരളത്തിലേക്ക് എത്തി. ഏപ്രിലില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും ലോക്ഡൗണിലകപ്പെട്ട് സംഘം കര്‍ണാടകയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ചാണ്ടി ഉമ്മനെ ബന്ധപ്പെട്ട സംഘത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം ബസ് ഏര്‍പ്പെടുത്തി നല്‍കി.

പൂനെയില്‍ ലോക്ഡൗണില്‍ കുടുങ്ങിയ  ഗർഭിണി അടക്കമുള്ള മലയാളി കുടുംബത്തിനും ചാണ്ടി ഉമ്മന്‍റെ ഇടപെടല്‍ ആശ്വാസമേകി. പൂനെയിലെ ബാലാജി നഗറിൽ താമസിക്കുന്ന റാന്നി സ്വദേശി പ്രിന്‍സിനും കുടുംബത്തിനുമാണ് ചാണ്ടി ഉമ്മന്‍റെ ഇടപെടലിനെ തുടര്‍ന്ന് സഹായം ലഭിച്ചത്.  ലോക്ഡൗണിനെ തുടര്‍ന്ന് ഭക്ഷണസാധനങ്ങള്‍ കിട്ടാതെ ദുരിതത്തിലായിരുന്ന ഇവര്‍ വിഷയം  പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് റിങ്കു ചെറിയാന്‍ വഴി ഉമ്മന്‍ ചാണ്ടിയുടേയും മകന്‍ ചാണ്ടി ഉമ്മന്‍റേയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

ചാണ്ടി ഉമ്മൻ പ്രിൻസുമായി ഫോണിൽ ബഡപ്പെടുകയും അടിയന്തരമായി സഹായം എത്തിച്ചു നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.  തുടര്‍ന്ന് പൂനെയിലുള്ളവരുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഭക്ഷ്യസാധനങ്ങൾ അടക്കം അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകി. സഹായം ലഭിച്ചതില്‍ പ്രിന്‍സും കുടുംബവും ഉമ്മന്‍ ചാണ്ടിക്കും ചാണ്ടി ഉമ്മനും നന്ദി അറിയിച്ചു. ലോക്ഡൗണില്‍ അകപ്പെട്ടവര്‍ക്കായി ഇത്തരം നിരവധി ഇടപെടലുകളാണ് ചാണ്ടി ഉമ്മന്‍റെ നേതൃത്വത്തില്‍ ദിനംപ്രതി ഉണ്ടാകുന്നത്.