അവിടെ സെന്‍ട്രല്‍ വിസ്ത, ഇവിടെ ക്ലിഫ്ഹൗസ്‌ നവീകരണം ; മഹാമാരിക്കിടെ 98 ലക്ഷത്തിന്‍റെ ആര്‍ഭാടത്തിന് സംസ്ഥാന സര്‍ക്കാര്‍

Jaihind Webdesk
Wednesday, May 26, 2021

തിരുവനന്തപുരം : ജനം മഹാമാരിയില്‍ വലയുന്നതിനിടെയും ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ തയാറാകാതെ പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിന്‍റെ മുഖം മിനുക്കാനായി 1 കോടിയോളമാണ് ചെലവഴിക്കുന്നത്. . തുക അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

98 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്കാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. പതിവുപോലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് തന്നെയാണ് നവീകരണപ്രവര്‍ത്തനങ്ങളുടെയും കരാര്‍. സെക്യൂരിറ്റി ഗാർഡ്‌സ്, ഗൺമാൻ,  ഡ്രൈവർമാര്‍ എന്നിവരുടെ വിശ്രമ മുറികൾ നവീകരിക്കുന്നതിനാണ് 98 ലക്ഷം രൂപ ചെലവഴിക്കുന്നത്.

രാജ്യത്ത് കൊവിഡ് ദുരന്തത്തില്‍ ജനം മരിച്ചുവീഴുമ്പോഴും സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ദേശീയമാധ്യമങ്ങള്‍ പോലും ചര്‍ച്ചയാക്കിയിരുന്നു. സംസ്ഥാനത്ത് കൊവിഡും തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളിലും നിത്യവൃത്തിക്ക് പോലും വകയില്ലാത്തവര്‍ നിരവധിയാണ്. ജനത്തെ തടവിലാക്കി ആഘോഷമായി സത്യപ്രതിജ്ഞ നടത്തിയതിനെതിരെ നേരത്തെ അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ബഹുഭൂരിപക്ഷത്തിനും വാക്സിന്‍ പോലും ലഭ്യമായിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആടിനെ വിറ്റും ബീഡി വിറ്റും വരെ ആളുകള്‍ സംഭാവന നല്‍കിയിരുന്നു. ഇതിനിടെയാണ് ക്ലിഫ്ഹൗസിലെ ജീവനക്കാരുടെ വിശ്രമ മുറികള്‍ മോടി പിടിപ്പിക്കുന്നതിനായി 98 ലക്ഷം രൂപ ചെലവഴിക്കുന്നത്.