കേരളത്തില്‍ രാഹുല്‍ തരംഗം; പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബി.ജെ.പി മൂന്നാമത്; വയനാട്ടില്‍ മൂന്നരലക്ഷത്തിന്റെ ഭൂരിപക്ഷം; ബി.ജെ.പിയെ ഞെട്ടിച്ച് കേന്ദ്ര ഐ.ബിയുടെ റിപ്പോര്‍ട്ട്

Jaihind Webdesk
Monday, April 22, 2019

ന്യൂഡല്‍ഹി: കേരളത്തില്‍ രാഹുല്‍തരംഗമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും രാഹുല്‍തരംഗം ഉണ്ടെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ മേല്‍ക്കൈയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗം ഐ.ബിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. മൂന്നാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാധ്യതകളെക്കുറിച്ച് വിലയിരുത്തിയതിന് ശേഷമാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന ഇന്റലിജന്‍സിന്റേതും. രാഹുല്‍തരംഗത്തിനൊപ്പം ന്യൂനപക്ഷ ജനവിഭാഗത്തിനിടയില്‍ ശക്തമായ ധ്രുവീകരണം ഉണ്ടായിട്ടുണ്ടെന്നും ഇത് യു.ഡി.എഫിന് അനുകൂലമാണെന്നുംവ്യക്തമാക്കുന്നതാണ് സംസ്ഥാന ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ് മറ്റൊരു കണ്ടെത്തല്‍ രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം എല്ലാ മണ്ഡലത്തിലും പ്രതിധ്വനിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വയനാട്ടില്‍ മൂന്നരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് ലഭിക്കും.

മറ്റ് നാല് മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരുലക്ഷത്തില്‍കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാനത്തെ നിക്ഷ്പക്ഷമതികളായ വോട്ടര്‍മാരില്‍ 93 ശതമാനവും ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന അഭിപ്രായക്കാരാണ്.
നോട്ട് നിരോധനവും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും ശബരിമല വിഷയവും നേട്ടമുണ്ടാക്കുക യു.ഡി.എഫിനെന്നാണ് എടുത്തുപറയുന്ന മറ്റ് കാര്യങ്ങള്‍.