പ്രതിപക്ഷം കണ്ണുരുട്ടി; ‘സഞ്ചാര്‍ സാഥി’യില്‍ മറുകണ്ടം ചാടി കേന്ദ്രം

Jaihind News Bureau
Wednesday, December 3, 2025

പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് സ്മാര്‍ട്‌ഫോണുകളില്‍ ടെലികോം വകുപ്പിന്റെ ‘സഞ്ചാര്‍ സാഥി’ ആപ്പ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പൊതുജനങ്ങളുടെ അഭിപ്രായം മാനിച്ച് ഉത്തരവില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈകുന്നേരത്തോടെ ഉത്തരവ് പിന്‍വലിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് വന്നത്.

ആപ്പ് നിര്‍ബന്ധമാക്കാനുള്ള നീക്കം വഴി ഇതിന് വലിയ പ്രചാരം ലഭിച്ചെന്നും, ജനങ്ങള്‍ സ്വമേധയാ ഇത് സ്വീകരിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. ഇന്നലെ മാത്രം 6 ലക്ഷം പേരും, ഇതുവരെ ആകെ 1.4 കോടി പേരും ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് ജനങ്ങള്‍ക്ക് ഇതിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്നും, അതിനാല്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ആപ്പിലൂടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനോ നിരീക്ഷണം നടത്താനോ സാധിക്കില്ലെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നു. വ്യാജമോ തട്ടിപ്പില്‍ ഉള്‍പ്പെട്ടതോ ആയ ഐഎംഇഐ (കങഋക) നമ്പറുകള്‍ തടയുക എന്ന ലക്ഷ്യത്തോടെ, 90 ദിവസത്തിനുള്ളില്‍ വിപണിയിലെത്തുന്ന എല്ലാ ഫോണുകളിലും ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യാനായിരുന്നു ആദ്യ നിര്‍ദ്ദേശം.

പ്രതിപക്ഷമടക്കം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. ആപ്പ് ആവശ്യമില്ലാത്തവര്‍ക്ക് അത് ഡിലീറ്റ് ചെയ്യാമെന്ന് മന്ത്രി ആദ്യം പറഞ്ഞിരുന്നെങ്കിലും, കമ്പനികള്‍ക്കുള്ള ഉത്തരവില്‍ ആപ്പ് ‘ഡിസേബിള്‍’ ചെയ്യാന്‍ കഴിയാത്ത വിധത്തിലായിരിക്കണം എന്ന് നിര്‍ദേശിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇത് നിര്‍മ്മാതാക്കള്‍ ഫോണ്‍ വില്‍ക്കുമ്പോള്‍ പാലിക്കേണ്ട കാര്യമാണെന്നും, ഉപയോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നും മന്ത്രാലയം പിന്നീട് വിശദീകരിച്ചു.