വിദേശ ഫണ്ട് വകമാറ്റിയെന്ന് ആരോപണം; സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്

Jaihind Webdesk
Wednesday, June 19, 2019

Supreme-Court-of-India

വിദേശ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ സിബിഐ കേസെടുത്തു. അഡ്വ. ആനന്ദ് ഗ്രോവര്‍, അഡ്വ. ഇന്ദിര ജയ്‌സിങ് എന്നിവര്‍ക്കെതിരെയാണ് കേസ്. ആനന്ദ് ഗ്രോവറിന്റെ നേതൃത്വത്തിലുള്ള ലോയേഴ്‌സ് കളക്ടീവ് എന്ന സന്നദ്ധ സംഘടനയ്‌ക്കെതിരെയാണ് ആക്ഷേപം ഉയര്‍ന്നത്.

കേന്ദ്രആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി അനില്‍കുാര്‍ ദസ്മാനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വ്യാജരേഖ ചമക്കല്‍, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഐപിസിയിലെ വകുപ്പുകളും, വിദേശ സംഭാവ നിയന്ത്രണ നിയമം 2010 പ്രകാരമുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

വിദേശ ഫണ്ടുകള്‍ എന്‍ജിഒ സംഘടനയുടെ ആവശ്യങ്ങള്‍ക്കല്ലാതെ വകമാറ്റി ചെലവഴിച്ചെന്നും, സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി വകമാറ്റിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം സിബിഐക്ക് പരാതി നല്‍കുകയായിരുന്നു.

കേസെടുത്ത നടപടിയില്‍ ലോയേഴ്‌സ് കളക്ടീവ് ഞെട്ടലും രോഷവും രേഖപ്പെടുത്തി. സംഘടനയ്ക്ക് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് 2016 ല്‍ റദ്ദാക്കപ്പെട്ടതാണെന്നും എന്‍ജിഒ അധികതര്‍ സൂചിപ്പിച്ചു.