ഫാത്തിമ ലത്തീഫിന്‍റെ മരണം : സിബിഐ സംഘം കൊല്ലത്തെ വീട്ടിൽ ; ബന്ധുക്കളുടെ മൊഴിയെടുപ്പ് തുടങ്ങി

കൊല്ലം : ചെന്നൈ ഐഐടിയിൽ മരിച്ച ഫാത്തിമ ലത്തീഫിന്‍റെ കൊല്ലത്തെ വീട്ടിൽ സിബിഐ അന്വേഷണ സംഘം എത്തി ബന്ധുക്കളുടെ മൊഴിയെടുപ്പ് ആരംഭിച്ചു. സിബിഐ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ആദ്യമായിട്ടാണ് സംഘം കുടുംബത്തിന്‍റെ മൊഴിയെടുക്കാൻ എത്തിയത്. മാതാപിതാക്കളുടെയും ഇരട്ട സഹോദരിയുടെയും മൊഴി സംഘം രേഖപ്പെടുത്തുകയാണ്.

നേരത്തെ ചെന്നൈയിൽ വച്ച് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫിന്‍റെ പ്രാഥമിക മൊഴി സിബിഐ സംഘം രേഖപ്പെടുത്തിയിരുന്നു. വിശദമായി മൊഴിയെടുക്കാൻ വീട്ടിലെത്തുമെന്നു അറിയിച്ചെങ്കിലും പിന്നിട് അന്വേഷണം മന്ദഗതിയിലായി. മരണം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം പുരോഗമിക്കാത്തതിനെതിരെ ഫാത്തിമയുടെ കുടുംബവും ജനപ്രതിനിധികളും പരാതി ഉയർത്തിയതോടെയാണ് സിബിഐ ചെന്നൈ യൂണിറ്റ് അന്വേഷണത്തിന് കൊല്ലത്ത് എത്തിയത്. കഴിഞ്ഞ വർഷം നവംബർ 9 നാണ് ചെന്നൈ ഐഐടി ഹോസ്റ്റൽ മുറിയിൽ ഫാത്തിമ മരിച്ചത്. മതപരമായ വേർതിരിവ് ഉൾപ്പെടെ ഗുരുതരമായ പല ആരോപണങ്ങളും ഫാത്തിമയുടെ കുടുംബം ഉയർത്തിയിരുന്നു.

Comments (0)
Add Comment