വെടിയുണ്ടകൾ കാണാതായ സംഭവം : എസ്എപി ക്യാമ്പിലെ 11 പൊലീസുകാര്‍ക്കെതിരെ കേസ്

webdesk
Friday, April 5, 2019

പേരൂര്‍ക്കട എസ്എപി ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ 11 പൊലീസുകാര്‍ക്കെതിരെ കേസ്. അന്വേഷണം പൂർത്തിയായി രണ്ട് വർഷത്തിന് ശേഷമാണ് പൊലീസുകാർക്കെതിരെ കേസെടുത്തു. വെടിയുണ്ട സൂക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന 11 പൊലീസ് ഉദ്യോഗസ്ഥർക്കെതിരാണ് കേസെടുത്തത്.

2016ൽ മലപ്പുറത്തെ എംഎസ്പി ഫയറിങ് റേഞ്ചിൽ പരിശീലന വെടിവയ്പ്പിനായി പോയ എസ്എപിയിലെ പൊലീസ് ട്രെയിനികൾ തിരികെയെത്തിയപ്പോൾ 400 തിരകൾ കാണാതെ പോയതാണ് കേസിന്‍റെ തുടക്കം. 62 എംഎം റൈഫിളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണു കാണാതായത്. എസ്ഐഎസ്എഫ് കമാന്‍റന്‍റ് കെ.ബി. സന്തോഷിന്‍റെ നേതൃത്വത്തിൽ നാലംഗ സംഘം നടത്തിയ അന്വേഷണത്തിൽ 400 അല്ല 7200 വെടിയുണ്ടകളാണ് കാണാതായെന്ന് കണ്ടെത്തി.

മൂന്ന് വർഷത്തെ രേഖകളും വെടിയുണ്ടയുടെ കണക്കുകളും പരിശോധിച്ചിട്ടും പക്ഷെ വെടിയുണ്ടകൾ എവിടെയെന്ന് സൂചനകളൊന്നും കിട്ടിയില്ല.കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിലും പരിശോധന നടത്തുന്നതിലും എസ്എപി ക്യാന്പിലെ 11 ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു.

2017 ഫെബ്രുവരിയിൽ ഈ റിപ്പോർട്ട് അന്നത്തെ ബറ്റാലിയൻ എഡിജിപി സുധേഷ് കുമാറിന് കൈമാറിയെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. രണ്ട് വർഷത്തിന് ശേഷമാണ് ഇപ്പോൾ പേരൂർക്കട സ്റ്റേഷനിൽ എസ്എപി കമാൻഡന്‍റ് പരാതി നൽകിയത്. റിപ്പോർട്ടിലുള്ള 11 പേർക്കെതിരാണ് കേസ് കൊടുത്തത്.