പൊലീസ് മേധാവിയായി നിയമനം; പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി അനില്‍കാന്തിനെതിരായ സ്ത്രീപീഡനക്കേസ്

Jaihind Webdesk
Wednesday, June 30, 2021

 

തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുത്തതിനുപിന്നാലെ അനില്‍കാന്തിനെതിരായ സ്ത്രീപീഡന കേസും ചർച്ചയാകുന്നു.  സ്ത്രീപീഡനങ്ങളും സ്ത്രീധനമരണങ്ങളും  അടക്കം കേരളത്തില്‍ വർധിക്കുന്ന സാഹചര്യത്തില്‍ സ്ത്രീപീഡകനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വിമർശനമുയരുന്നത്.

കല്‍പ്പറ്റയില്‍ എഎസ്പിയായിരിക്കെ അനില്‍കാന്തിനെതിരെ ഉയർന്ന സ്ത്രീപീഡന ആരോപണമാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍റെ മകളായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. മുന്‍ ഡിജിപിയായിരുന്ന കെ.ജെ ജോസഫായിരുന്നു പരാതി അന്വേഷിച്ചത്. പിന്നീട്  പരാതി അന്വേഷിച്ചത് മുന്‍ ഡിജിപിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായിരുന്ന രമണ്‍ ശ്രീവാസ്തവയായിരുന്നു.  അന്വേഷണ റിപ്പോര്‍ട്ട് അനില്‍കാന്തിന്  അനുകൂലമായതോടെ ഉദ്യോഗസ്ഥന് ഡിജിപി സ്ഥാനം വരെ ലഭിച്ചെന്നും സമൂഹമാധ്യമങ്ങളില്‍ ആക്ഷേപമുയരുന്നു.

ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു അനില്‍കാന്തിനെ സംസ്ഥാന പൊലീസ് മേധാവിയായി തീരുമാനിച്ചത്. ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ് 1988 ബാച്ച് ഉദ്യോഗസ്ഥനായ അനില്‍കാന്ത്.  കേരളാ കേഡറില്‍ എഎസ്പി ആയി വയനാട് സര്‍വീസ് ആരംഭിച്ച അനില്‍കാന്ത് തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്പി ആയി പ്രവര്‍ത്തിച്ചു.

സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡിഐജി ആയും സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ആയിരുന്നു. എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പൊലീസ് ആസ്ഥാനം, സൗത്ത്‌സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എഡിജിപി ആയിരുന്നു. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.