കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ് ; രണ്ടു പേർ കസ്റ്റഡിയില്‍

Jaihind News Bureau
Saturday, February 13, 2021

 

മലപ്പുറം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘത്തിന്‍റെ കാറും കണ്ടെടുത്തിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ കസ്റ്റംസിന്‍റെ പ്രത്യേക സംഘത്തെ നിയോഗിച്ചു.

അബ്ദുള്‍ ഗഫൂര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐ20 കാറാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുക്കം സ്വദേശികളായ രണ്ടു യുവാക്കളും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. കല്‍പ്പറ്റയില്‍നിന്ന് കരിപ്പൂരിലെ കാര്‍ഗോ ഓഫീസിലേക്ക് വരുമ്പോള്‍ കസ്റ്റംസ് ഓഫീസറുടെ കാറിനെ അപകടകരമാംവിധം പിന്തുടര്‍ന്നു, മാര്‍ഗ തടസം സൃഷ്ടിച്ചു എന്നുള്ള പരാതിയിലാണ് കൊണ്ടോട്ടി പോലീസിന്റെ നടപടി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എ. കിരണ്‍ ആണ് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്‌.