പ്രതിപക്ഷഎം.എല്‍.എമാര്‍ക്കെതിരെ നടപടിക്രമം പാലിക്കാതെ കേസെടുത്തത് നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനം : രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, March 21, 2023

RameshChennithala-INTUC

തിരുവനന്തപുരം: നിയമസഭയില്‍ വാച്ച് ആന്‍റ് വാര്‍ഡ് നല്‍കിയ തെറ്റായ പരാതി നേരിട്ട് പൊലീസിന് കൈമാറി ഏഴ് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ പ്രകാരം കേസ് എടുത്ത നടപടി സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനവും സഭയുടെ ചട്ടങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും വിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല .

സഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് മുന്‍പ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കേസ് പൊലീസിന് കൈമാറിയട്ടുള്ളത്. ഇവിടെ ഭരണകക്ഷി അംഗങ്ങള്‍ക്കും അഡീഷണല്‍ ചീഫ് മാര്‍ഷലിനും എതിരെയുള്ള പരാതികളില്‍ ജാമ്യം കിട്ടാവുന്ന ലഘുവായ വകുപ്പുകള്‍ ചുമത്തിയപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ രണ്ടു മുതല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഇതില്‍ നിന്ന് തന്നെ ഇരട്ടത്താപ്പ് വ്യക്തമാണ്. പരിക്കേറ്റ കെ.കെ.രമ നല്‍കിയ പരാതിയന്മേല്‍ ഇത് വരെ നടപടി ഒന്നും സ്വീകരിച്ചിട്ടുമില്ല.

അടിയന്തിര പ്രമേയ നോട്ടീസുകള്‍ക്ക് അവതരണാനുമതി തേടുന്നതിന് പോലും അവസരം നല്‍കാതെ തുടര്‍ച്ചയായി സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 15 ന് സ്പീക്കറുടെ ഓഫീസ് സമാധാനപരമായി ഉപരോധിക്കുകയായിരുന്ന പ്രതിപക്ഷ അംഗങ്ങളെ അഡീഷണല്‍ ചീഫ് മാര്‍ഷലിന്റെ നേതൃത്വത്തിലുള്ള വാച്ച് & വാര്‍ഡ് സ്റ്റാഫ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാന്‍ ശ്രമിച്ചതും പ്രതിപക്ഷ അംഗങ്ങളെ ഭരണകക്ഷിയില്‍പ്പെട്ട രണ്ട് അംഗങ്ങള്‍ ആക്രമിക്കുകയും ചെയ്തതുമാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയത്.

1970 ജനുവരി 29-ാം തീയതി അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചപ്പോള്‍ അന്നത്തെ പ്രതിപക്ഷം സ്പീക്കറുടെ ഡയസ്സില്‍ കയറി സ്പീക്കറെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന കെ ശങ്കരനാരായണന്‍ എന്ന പോലീസ് സബ് ഇന്‍സ്പക്ടറെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ആ പോലീസ് സബ് ഇന്‍സ്പക്ടര്‍ക്ക് തിരുവനന്തപുരം സബ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നല്‍കുന്നതിന് അനുമതി നല്‍കുകയും കേസില്‍ തെളിവ് നല്‍കുന്നതിന് ചാക്കീരി അഹമ്മദ് കുട്ടി എംഎല്‍എയ്ക്ക് സ്പീക്കര്‍ അനുമതി നല്‍കിയതും പ്രിവിലേജ് കമ്മിറ്റി ശുപാര്‍ശ പ്രകാരമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

29.03.1983, 30.03.1983 എന്നീ തീയതികളിലായി നിയമസഭാ പാര്‍ലറില്‍ വച്ച് ഉണ്ടായ അനിഷ്ട സംഭവത്തില്‍ പരിക്കുപറ്റിയ 7 വാച്ച് & വാര്‍ഡ് സ്റ്റാഫ് അംഗങ്ങള്‍, 8 സാമാജികര്‍ക്ക് എതിരെ തിരുവനന്തപുരം ജുഡീഷ്യല്‍ സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്യായം ഫയല്‍ ചെയ്യുന്നതിനുള്ള അനുമതി തേടുകയുണ്ടായി. എന്നാല്‍ പ്രസ്തുത വിഷയം സ്പീക്കര്‍ പ്രിവിലേജ് കമ്മിക്ക് അയച്ച ശേഷമാണ് മേല്‍ നടപടി സ്വീകരിച്ചത്.

എന്നാല്‍ ഇത്തവണ ഇത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇത് സഭയുടെ പ്രത്യേക അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന കാര്യത്തിൽ സംശയമില്ല . അത് കൊണ്ട് തന്നെ സ്പീക്കറുടെ ഇന്നലത്തെ റൂളിംഗിൻ്റെ വെളിച്ചത്തിൽ
കാര്യങ്ങൾ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന്
രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  ഇത് സംബന്ധിച്ച് സ്പീക്കര്‍ക്ക് വിശദമായ കത്തും അദ്ദേഹം നല്‍കി.