കണ്ണൂരിൽ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു; അമ്മ ശരണ്യ ഒന്നാം പ്രതി, കാമുകൻ നിതിൻ രണ്ടാം പ്രതി

കണ്ണൂർ തയ്യിലിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം നൽകി. കുഞ്ഞിന്‍റെ അമ്മ ശരണ്യ ഒന്നാം പ്രതിയും കാമുകൻ നിതിൻ രണ്ടാം പ്രതിയുമാണ്. 88 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 48 സാക്ഷികളും നിരവധി തൊണ്ടി മുതലുകളും ഉണ്ട്.

കഴിഞ്ഞ ഫെബ്രുവരി പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നര വയസുകാരന്‍ വിയാനെ കടലിലെറിഞ്ഞ് അമ്മ ശരണ്യ കൊലപ്പെടുത്തുകയായിരുന്നു. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് അമ്മ കു‍ഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 55 സാക്ഷികളാണ് കേസിലുള്ളത്.

അതിക്രൂരമായിട്ടാണെന്ന് വിയാനെ ശരണ്യ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിന്‍റെ ആദ്യ ഭാഗത്ത് പൊലീസ് വ്യക്തമാക്കുന്നു. ശരണ്യയുടെ വസ്ത്രങ്ങളില്‍ നിന്ന് കടല്‍ വെള്ളത്തിന്‍റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. കിടക്കവിരികളുടേയും, കുട്ടിയുടെ പാല്‍ക്കുപ്പിയുടേയും പരിശോധനഫലങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. കുഞ്ഞിനെ കാണാതായ സമയത്ത് ശരണ്യയും, പ്രണവും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധ ഫലങ്ങളും കേസില്‍ നിര്‍ണായകമാകും. പുലര്‍ച്ചെ രണ്ടുമണിയോടെ വീടിന് സമീപത്തെ കടല്‍തീരത്ത് എത്തിയ ശരണ്യ മകനെ രണ്ടുതവണ കടലിലേക്ക് എറിഞ്ഞു. ആദ്യം എറിഞ്ഞപ്പോൾ കടല്‍ ഭിത്തിയുടെ ഭാഗമായ പാറക്കെട്ടില്‍ വീണ് പരിക്കേറ്റ് കുഞ്ഞ് കരഞ്ഞു. തുടര്‍ന്ന്, ശരണ്യ താഴേയ്ക്ക് ഇറങ്ങിച്ചെന്ന് കുട്ടിയെ എടുത്ത് ഒന്നുകൂടി കടലിലേയ്ക്കെറിഞ്ഞു. കുഞ്ഞ് മരിച്ചെന്ന് ഉറപ്പു വരുത്തിയാണ് അമ്മ മടങ്ങിയതെന്നും പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. വിയാനെ കൊലപ്പെടുത്താന്‍ കടല്‍ഭിത്തിയിലെത്തിയ ശരണ്യയുടെ ചെരിപ്പുകള്‍ പാറകൾക്കിടയിൽ കുടുങ്ങിപ്പോയിരുന്നു. ഇത് പ്രധാന തെളിവായി കുറ്റപത്രത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെ വിശദവിവരങ്ങളും കുറ്റപത്രത്തിലുണ്ട്.

Comments (0)
Add Comment