പട്ടിയെ പോലെ എന്നതിനെ പട്ടിയാക്കി സിപിഎം: കെ സുധാകരനെതിരെ കേസ് ; നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് വിമർശനം

Jaihind Webdesk
Thursday, May 19, 2022


കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഉപമയെ വളച്ചൊടിച്ച സിപിഎം നല്‍കിയ പരാതിയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി ക്കെതിരെ കേസെടുത്തു. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പിണറായി വിജയൻ ‘ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയിൽ ഓടിനടക്കുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. കണ്ണൂരില്‍ സാധാരണ ഉപയോഗിക്കുന്ന പ്രയോഗമാണതെന്നും ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പരാമർശം പിന്‍വലിക്കുന്നു എന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്നില്‍ നില്‍ക്കുന്ന സിപിഎം വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന വിമർശനം  ഇതിനോടകം ഉയർന്നുകഴിഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ പ്രാരംഭ ഘട്ടം മുതല്‍ തന്നെ യുഡിഎഫ് സിപിഎമ്മിനെക്കാള്‍ ഏറെ മുന്നിലായിരുന്നു. സ്ഥാനാർത്ഥി നിർണയം മുതല്‍ സിപിഎം ക്യാംപില്‍ ആശയകുഴപ്പങ്ങള്‍ ആരംഭിച്ചിരുന്നു. പ്രചരണ വേളയില്‍ മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമെല്ലാം മണ്ഡലത്തില്‍ ക്യാംപ് ചെയ്തിട്ടും ഫലം കാണാതെ വരുന്നതോടെയാണ് പുതിയ അടവുമായി സിപിഎം എത്തിയതെന്നാണ് വിമശനം.

‘പരനാറി, കുലംകുത്തി’ എന്നിങ്ങനെ തുടങ്ങി മറ്റുള്ളവരെ പിണറായി വിജയന്‍ അധിക്ഷേപിച്ചപ്പോള്‍ ഇല്ലാത്ത കേസ് ഇപ്പോള്‍ എന്തിനെന്നും സമൂഹമാധ്യമങ്ങളില്‍ ചോദ്യമുയരുന്നു. മുതിർന്ന സിപിഎം നേതാവ് എംഎം മണി സ്ത്രീകളെയടക്കം അധിക്ഷേപിച്ച് പൊതുവേദിയില്‍ പ്രസംഗിച്ചപ്പോള്‍ ന്യായീകരിച്ച സിപിഎം ഡിവൈഎഫ്ഐ നേതൃത്യം കെ സുധാകരന്‍റെ പരാമർശത്തെ വളച്ചൊടിച്ച് കേസാക്കിയത് തെരഞ്ഞെടുപ്പില്‍ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണെന്ന പ്രതികരണങ്ങളും ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു.

ഐപിസി സെക്‌ഷന്‍‍‍ 153ാം വകുപ്പുപ്രകാരമാണ് കേസെന്നു പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടു നല്‍കിയ പരാതിയില്‍ പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.