സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നല്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ് വി ബാലകൃഷ്ണന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. 2010 ല്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് ജനനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയുമായി യാതൊരു അടുപ്പവുമില്ലെന്നും അകന്നൊരു പരിചയം മാത്രമേയുള്ളൂവെന്നുമുള്ള ബിനോയ് കോടിയേരിയുടെ വാദങ്ങള്‍ ഓരോന്നായി തകരുകയാണ്. ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെ നടത്തണം എന്നാവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനപ്പെട്ട ഒരു രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ മുംബൈ കോടതി ഇന്ന് വിധിപറയാനിരിക്കെയാണ് ജനന സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നത്.
യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പണം അയച്ചതിന്റെ രേഖകള്‍ കുടുംബം ഇന്നലെ പുറത്തുവിട്ടിരുന്നു. 2013 ല്‍ അഞ്ച് ലക്ഷത്തിലേറെ രൂപ കൈമാറിയതിന്റെ രേഖകളാണ് പുറത്തുവന്നത്. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ യുവതിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിട്ടുള്ളത്.
ബാങ്ക് അക്കൗണ്ടില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യുവതിയുടെ പാസ്പോര്‍ട്ടിലും ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്നാണുള്ളത്. പാസ്പോര്‍ട്ടിന്റെ പകര്‍പ്പും കുടുംബം പുറത്തുവിട്ടു. ഈ രേഖകളെല്ലാം മുംബൈ പോലീസിന് കൈമാറിയിട്ടുണ്ട്.
ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ മുംബൈ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിക്കും. ഒളിവിലുള്ള ബിനോയിക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് വരുന്നതുവരെ ലുക്കൗട്ട് നോട്ടീസിറക്കേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്.