രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് ; ശ്രീചിത്രയില്‍ ഹൃദയശസ്ത്രക്രിയകള്‍ നിലച്ചു

Jaihind Webdesk
Monday, April 19, 2021

 

തിരുവനന്തപുരം : രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ശസ്ത്രക്രിയകള്‍ നിലച്ചു. ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ഹൃദയശസ്ത്രക്രിയ വിഭാഗം അടയ്ക്കുകയായിരുന്നു. രോഗികളേയും ജീവനക്കാരേയും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാക്കും.

അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മാത്രം 18,257 പേർക്ക് രോഗം സ്ഥിരീകരിച്ചു. തൊട്ടുമുൻപുള്ള ദിവസം ഇത് 13,835 ആയിരുന്നു. 24 മണിക്കൂറിനകം 4,422 രോഗികളുടെ വർധനവാണുണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ സംസ്ഥാന റെക്കാർഡാണിത്. 16.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 25 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. അതിവേഗ വ്യാപനമുയർത്തുന്ന വെല്ലുവിളിക്കൊപ്പം മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ കൊവിഡ് വാർഡുകളിൽ രോഗികൾ നിറഞ്ഞതോടെ സ്ഥിതി സങ്കീർണമായിരിക്കുകയാണ്.