മതഗ്രന്ഥം കൊണ്ടുപോയ വാഹനത്തിന്‍റെ  ജിപിഎസ് പ്രവർത്തിച്ചില്ല ; സ്ഥിരീകരിച്ച് എന്‍ഐഎ

Jaihind News Bureau
Friday, September 25, 2020

തിരുവനന്തപുരം: മലപ്പുറത്തേക്ക് മതഗ്രന്ഥങ്ങളുമായി പോയ സി ആപ്റ്റ് വാഹനത്തിന്‍റെ ജിപിഎസ് യാത്രാമധ്യേ പ്രവർത്തനരഹിതമായെന്ന് ഉറപ്പിച്ച് എൻ.ഐ.എ. സി ആപ്റ്റിൽ നിന്നും വാഹനം പുറപ്പെടുമ്പോൾ പ്രവർത്തനക്ഷമമായിരുന്ന ജിപിഎസ് തൃശ്ശൂർ എത്തിയപ്പോഴാണ് തകരാറിലായത്. മതഗ്രന്ഥങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്താതെ കൊണ്ടുപോയത് മന്ത്രി ജലീലിനും കുരുക്കായേക്കും.

മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണ്ണക്കടത്ത് നടത്തിയെന്ന ആരോപണത്തിൽ നടക്കുന്ന അന്വേഷണത്തിൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ മന്ത്രി ജലീലിനെ കൂടുതൽ പ്രതിരോധത്തിലാക്കും.ജൂൺ 30 ന് രാത്രി ഏഴരയോടെ സി ആപ്റ്റിൽ നിന്ന്
പാഠപുസ്തകങ്ങൾക്കൊപ്പം മതഗ്രന്ഥങ്ങളുടെ പാഴ്സലുമായി യാത്ര തുടങ്ങിയ വാഹനത്തിന്‍റെ  ജി.പി.എസ് പ്രവർത്തനക്ഷമമായിരുന്നു.

കൊല്ലത്തെ സി. ആപ്റ്റിന്‍റെ സബ് സെന്‍ററില്‍ നിന്നും വീണ്ടും പാഠപുസ്തകങ്ങൾ കയറ്റിയ ശേഷം രാത്രി വൈകി അലപ്പുഴക്കടുത്ത് വിശ്രമിച്ചു. പിറ്റേന്ന് രാവിലെ വാഹനം തൃശ്ശൂരിലെത്തുമ്പോഴാണ് ജി.പി.എസ് തകരാറിലായത്.എന്നാൽ കണ്ണൂരിൽ നിന്ന് തിരിച്ച് വാഹനം യാത്ര തുടങ്ങുമ്പോൾ ജി.പി.എസ് പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇതോടെ ബോധപൂർവ്വം ജി.പി.എസിന്‍റെ പ്രവർത്തനം നിർത്തിവെച്ചുവെന്ന സംശയമാണ് ബലപ്പെടുന്നത്. മലപ്പുറത്ത് മത ഗ്രന്ഥങ്ങൾ വിതരണം ചെയ്യേണ്ടവരുടെ രണ്ട് മൊബൈൽ നമ്പരുകളും തന്നെ ഏൽപ്പിച്ചിരുന്നതായി ഡ്രൈവറുടെ മൊഴിയിലുണ്ട്. മന്ത്രിയുടെ നിർദ്ദേശപ്രകാരം എം.ഡി നൽകിയ പാഴ്സലായതിനാൽ ഇത് ഒദ്യോഗികമായി രേഖപ്പെടുത്തിയില്ലെന്നും ഡ്രൈവർ അഗസ്റ്റിന്‍റെ മൊഴിയിൽ പറയുന്നു. ഇതേപ്പറ്റി മന്ത്രി അന്വേഷണ ഏജസിക്ക് വിശദീകരണം നൽകേണ്ടി വരും. ജി.പി.എസിന്‍റെ പ്രവർത്തനം സംബന്ധിച്ച് കൂടുതൽ തെളിവുകൾക്കായി വാഹനത്തിൽ ജി.പി.എസ് ഘടിപ്പിച്ച കെൽട്രോണിനെ വരും ദിവസങ്ങളിൽ എൻ.ഐ .എ സമീപിക്കും.