‘അന്നദാതാക്കള്‍ തെരുവിൽ പോരാടുമ്പോൾ നിങ്ങള്‍ കൊട്ടാരം പണിയുന്നു’ ; മോദിക്കെതിരെ കോണ്‍ഗ്രസ്

Jaihind News Bureau
Thursday, December 10, 2020

 

ന്യൂഡൽഹി:  പുതിയ പാർലമെന്റ് മണ്ഡലത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  വിമർശിച്ച് കോണ്‍ഗ്രസ്. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസിന്‍റെ വിമർശനം. അന്നദാതാക്കളായ കർഷകർ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിൽ പോരാടുമ്പോള്‍ മോദി കൊട്ടാരം പണിയുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തി. ജനാധിപത്യത്തിൽ അധികാരമെന്നത് വ്യാമോഹങ്ങൾ പൂർത്തീകരിക്കാനുള്ളതല്ലെന്നും പൊതുക്ഷേമത്തിനും പൊതു സേവനത്തിനുമുള്ള മാർഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘മിസ്റ്റർ മോദി, അന്നദാതാക്കൾ 16 ദിവസമായി തെരുവിൽ അവകാശങ്ങൾക്കുവേണ്ടി പോരാടുമ്പോൾ സെൻട്രൽ വിസ്തയെന്ന പേരിൽ നിങ്ങൾക്കായി ഒരു കൊട്ടാരം പണിയുന്നത് ചരിത്രത്തിൽ രേഖപ്പെടുത്തും. ജനാധിപത്യത്തിൽ അധികാരമെന്നത് വ്യാമോഹങ്ങൾ പൂർത്തീകരിക്കാനുള്ളതല്ല. പൊതു ക്ഷേമത്തിനും പൊതു സേവനത്തിനുമായുള്ള മാർഗമാണത്’ രൺദീപ് സിങ് സുർജേവാല കുറിച്ചു.

20,000 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനമാണ് പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചത്. നാല് നിലയുള്ള പാർലമെന്‍റ് മന്ദിരത്തിന് മാത്രം 1000 കോടിയോളം രൂപ ചെലവു വരുമെന്നാണ് റിപ്പോർട്ട്.