ആദിവാസി സ്ത്രീയോട് ബാങ്ക് അധികൃതരുടെ ക്രൂരത; മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്തു

കണ്ണൂർ: കണിച്ചാറിൽ വിധവയായ ആദിവാസി സ്ത്രീയോട് ബാങ്ക് അധികൃതരുടെ ക്രൂരത.
ബാങ്കിൽ നിന്ന് വായ്പ എടുത്തത് തിരിച്ചടക്കാത്തതിൻ്റെ പേരിൽ കണിച്ചാറിലെ ഓമന എം.സി എന്ന ആദിവാസി സ്ത്രീയുടെ വീട് ബാങ്ക് ഓഫ് ബറോഡ അധികൃതർ ജപ്തി ചെയ്തു. ഇന്നലെ വൈകുന്നേരമാണ് വീട്ടുകാരെ അറിയിക്കാതെ വീട് ജപ്ത് ചെയ്തത്.

വനിതാ പൊലീസില്ലാതെ ആദിവാസി സ്ത്രീയെ വീട്ടിൽ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടതായി ആക്ഷേപം. സ്ത്രീയും കുടുംബവും വീട്ടിന് മുന്നിൽ പ്രതിഷേധിക്കുന്നു.കണിച്ചാർ ആറാം വാർഡിലെ ഓമന എം സിയെന്ന ആദിവാസി സ്ത്രീയാണ് ബാങ്ക് അധികൃതരുടെ ക്രൂരതയ്ക്ക് ഇരയായത്. രണ്ട് തവണകളായി എട്ട് ലക്ഷം രൂപയുടെ വായ്പയാണ് ഓമന എടുത്തത്.ആദ്യം ലൈഫ് പദ്ധതി വഴി ലഭിച്ച വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ നാല് ലക്ഷം രൂപയുടെ വായ്പ.രണ്ടാമത് ക്യാൻസർ രോഗിയായ ഭർത്താവിനെ ചികിത്സിക്കാനും. രണ്ട് വർഷം മുന്നെ ഭർത്താവ് മരിച്ചു.ഇതോടെ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് ഓമനയുടെ വരുമാനം.

തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ ചെയ്ത് വരുമ്പോൾ ബാങ്ക് അധികൃതരും പൊലീസും ഓമനയുടെ വീട്ടിൽ എത്തിയിരുന്നു. ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാൽ വീട് ജപ്തി ചെയ്യുന്നതായി അറിയിക്കുകയായിരുന്നു. വായ്പ തിരിച്ചടക്കാൻ കൂടുതൽ സാവകാശം ഓമന ചോദിച്ചെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ല.
വനിതാ പൊലീസ് ഇല്ലാതെയാണ് ഓമനയെ ബലം പ്രയോഗിച്ച് നീക്കിയത്. ബാങ്ക് ജപ്തി നടപടി കണിച്ചാർ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും അവർ തിരിഞ്ഞ് നോക്കിയില്ല. ജപ്തി നെ തുടർന്ന് അടച്ചിട്ട വീട്ടിന് മുന്നിലാണ് ഓമന ഇന്നലെ രാത്രി കഴിഞ്ഞത്.

Comments (0)
Add Comment