ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനു മൂന്നുമാസത്തെ സാവകാശം തേടി തെരേസാ മേ

Jaihind Webdesk
Thursday, March 21, 2019

Theresa-May

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനു മൂന്നുമാസത്തെ സാവകാശം തേടി പ്രധാനമന്ത്രി തെരേസാ മേ യൂറോപ്യൻ യൂണിയനു കത്തയച്ചു. മുൻ നിശ്ചയ പ്രകാരം ഈ മാസം 29നാണു ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു വിടുതൽ നേടേണ്ടത്. ഇതു ജൂൺ മുപ്പതുവരെ നീട്ടിത്തരണമെന്ന് ഇയു പ്രസിഡന്‍റ് ഡോണൾഡ് ടസ്‌കിന് അയച്ച കത്തിൽ അഭ്യർഥിച്ചതായി മേ ഇന്നലെ പാർലമെൻറിൽ വെളിപ്പെടുത്തി.

ഇന്നു ബ്രസൽസിൽ സമ്മേളിക്കുന്ന ഇയു ഇക്കാര്യത്തിൽ എന്തു നടപടിയാണെടുക്കുക എന്നറിയില്ല. യൂറോപ്യൻ യൂണിയൻ ബ്രിട്ടനുവേണ്ടി ഏറെ വിട്ടുവീഴ്ച ചെയ്‌തെന്നും കൂടുതലായൊന്നും ചെയ്യാനില്ലെന്നും നേരത്തെ ഇയു കമ്മീഷണർ ജുൻകർ പറഞ്ഞു.

രണ്ടുവട്ടം പാർലമെൻറ് തള്ളിയ ബ്രെക്‌സിറ്റ് കരാർ മാറ്റം വരുത്താതെ മൂന്നാംവട്ടവും വോട്ടിനിടാൻ പറ്റില്ലെന്ന സ്പീക്കർ ജോൺ ബെർകോയുടെ നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. കത്തിൻറെ പൂർണരൂപം പ്രസിദ്ധീകരണത്തിനു നൽകിയിട്ടുണ്ട്.

കരാർ വീണ്ടും പാർലമെൻറിൽ വോട്ടിനിടാമെന്നാണു കരുതുന്നതെന്നു മേ പറഞ്ഞു. എംപിമാർ മൂന്നാംവട്ടവും കരാർ നിരാകരിച്ചാൽ പ്രധാനമന്ത്രിപദത്തിൽ മേ തുടരില്ലെന്നു സൂചനയുണ്ട്.