ശരത് യാദവിന്‍റെ വിവാദ പരാമര്‍ശം: വസുന്ധരയ്ക്ക് പിന്തുണയുമായി ബൃന്ദാ കാരാട്ട്

Jaihind Webdesk
Saturday, December 8, 2018

Vasundhara-Brinda-Karat

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് എതിരായ വിവാദപരാമര്‍ശത്തില്‍ ജെ.ഡി.യു നേതാവ് ശരത് യാദവ് മാപ്പ് പറയണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വസുന്ധര രാജെയ്ക്ക് തടി കൂടുകയാണെന്നും ക്ഷീണിതയായതിനാല്‍ അവര്‍ക്ക് വിശ്രമം ആവശ്യമാണെന്നുമുള്ള ശരത് യാദവിന്‍റെ പരാമര്‍ശനത്തിനെതിരെയാണ് ബൃന്ദാ കാരാട്ട് രംഗത്തെത്തിയത്.

വസുന്ധര ഒരു രാഷ്ട്രീയ എതിരാളി മാത്രമല്ല, ഒരു സ്ത്രീയാണെന്നതുംകൂടി ശരത് യാദവ് ഓര്‍ക്കണമായിരുന്നുവെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി കൂടിയായ അവര്‍ക്കെതിരായ അധിക്ഷേപം അപലപനീയമാണെന്നും പ്രസ്താവന പിന്‍വലിച്ച് ശരത് യാദവ് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയപരമായി ഭിന്നതകളുണ്ടെങ്കിലും സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്ന് വസുന്ധര രാജെയ്ക്ക് പിന്തുണ നല്‍കിക്കൊണ്ട് ബൃന്ദ കാരാട്ട് വ്യക്തമാക്കി.

“വസുന്ധരയ്ക്ക് വിശ്രമം നല്‍കൂ. അവര്‍ വളരെ ക്ഷീണിതയാണ്. തടിയും കൂടിയിരിക്കുന്നു. മുമ്പ് വളരെ മെലിഞ്ഞിരുന്നതാണ്. അവര്‍ ഞങ്ങളുടെ മധ്യപ്രദേശിന്‍റെ മകളാണ്” – രാജസ്ഥാനിലെ ആള്‍വാറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ശരത് യാദവിന്‍റെ പരാമര്‍ശം. വസുന്ധരയ്ക്കെതിരായ പരാമര്‍ശം വിവാദമായതോടെ അതൊരു തമാശ ആയിരുന്നുവെന്ന വിശദീകരണവുമായി ശരത് യാദവ് രംഗത്തെത്തിയിരുന്നു.

ശരത് യാദവിന്‍റെ പരാമര്‍ശത്തിനെതിരെ വസുന്ധര രാജെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ശരത് യാദവ് തന്നെ അപമാനിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും വസുന്ധര  ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് രാജസ്ഥാന്‍ ബി.ജെ.പി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

മുമ്പ് ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായി DYFI വനിതാ നേതാവ് നല്‍കിയ ലൈംഗികാരോപണ പരാതിയില്‍ ബൃന്ദയുടെ മൌനം പാര്‍ട്ടിക്ക് അകത്തും പുറത്തും ചര്‍ച്ചയായിരുന്നു. കേന്ദ്രനേതൃത്വത്തിന് പരാതി കിട്ടിയിട്ടും അതില്‍ നടപടിയെടുക്കാനോ വിഷയം ചര്‍ച്ച ചെയ്യാനോ മുതിരാതിരുന്ന ബൃന്ദാ കാരാട്ടാണ് ബി.ജെ.പി നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെക്കെതിരായ ശരത് യാദവിന്‍റെ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

 [yop_poll id=2]