‘ഇത് പഞ്ചവടിപ്പാലം പോലെ’; സർക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ല; സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നല്‍കുമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Friday, August 28, 2020

 

കണ്ണൂർ: നിർമ്മാണത്തിലിരിക്കെ തകർന്ന മാഹി ബൈപാസ് പാലം പഞ്ചവടിപ്പാലം പോലെയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം. സെൻട്രൽ വിജിലൻസ് കമ്മീഷന് ഇതുസംബന്ധിച്ച് പരാതി നൽകുമെന്നും  സ്ഥലം സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു.

ആറ് മാസത്തിനുള്ളില്‍ മുഴപ്പിലങ്ങാട്-മാഹി ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്ന് സഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന്‍റെ രണ്ടാം നാളാണ് പാലം തകർന്നത്. എന്‍എച്ച്എഐയാണ് പ്രവർത്തനങ്ങള്‍ നടത്തുന്നതെങ്കിലും സംസ്ഥാന സർക്കാരിനും  പദ്ധതിയില്‍ ഉത്തരവാദിത്തമുണ്ട്. മുഖ്യമന്ത്രിയുടെ വീടിന് സമീപമാണ് പാലം പൊളിഞ്ഞത്. നിർമ്മാണത്തിൽ വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പദ്ധതിയെ സ്വപ്ന പദ്ധതിയെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നത്. പാലം തകരുന്നതിന് മുന്‍പ് സ്വന്തം പദ്ധതിയാണെന്നും തകർന്നതിന് ശേഷം തങ്ങളുടെ പദ്ധതി അല്ലെന്നുമാണ് സംസ്ഥാന സർക്കാർ പറയുന്നത്. നേട്ടം കൊട്ടിഘോഷിക്കാൻ ശ്രമിച്ചവർ  ഉത്തരവാദിത്വം എറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

teevandi enkile ennodu para