ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയെന്ന് സംശയം

Jaihind Webdesk
Saturday, February 23, 2019

Brahmapuram WastePlant fire

ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയെന്ന് സംശയം. പ്ലാസ്റ്റിക് മാലിന്യത്തിന് ആരോ മനഃപൂർവം തീയിട്ടതാണെന്നാണു സംശയം. മാലിന്യക്കൂമ്പാരത്തിന്‍റെ നാലു ഭാഗത്തുനിന്നും ഒരേ സമയമാണ് തീപടർന്നത് എന്നത് സംശയം ബലപ്പെടുത്തുന്നു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ബി.സാബുവാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇടയ്ക്കിടെ ഉണ്ടാകുന്ന തീപ്പിടുത്തം ആസൂത്രിതമാണോ എന്ന് കണ്ടെത്തണമെന്ന് മേയർ സൗമിനി ജയിനും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, മാധ്യമ ശ്രദ്ധയും ചര്‍ച്ചകളും  പെരിയ കൊലക്കേസ്, സിപിഎം ബന്ധം എന്നിവയില്‍ നിന്ന് വ്യതിചലിപ്പിക്കാനുള്ള തന്ത്രമായും സോഷ്യല്‍ മീഡിയ ഇതിനെ കാണുന്നുണ്ട്.

പ്രദേശവാസികളുടെ പേരിൽ എതിർപ്പ് ഉയർത്തുന്ന ചിലരെ തന്നെയാണ് സംശയം ഉന്നയിക്കുന്നവർ പ്രതിക്കൂട്ടിൽ നിർത്തുന്നത്. കഴിഞ്ഞ തവണത്തെ തീപിടിത്തങ്ങൾക്ക് ശേഷം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് മേയര്‍ തന്നെ പറയുന്നു. അതിനാല്‍ ഇത്തവണ അന്വേഷണത്തിന് ജില്ലാ കലക്ടറോടും സഹായം ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം നാലുവട്ടം ഇങ്ങനെ മാലിന്യക്കൂനകൾക്ക് മേൽ തീ പടർന്നു. അടുത്ത കാലത്ത് ഉണ്ടായതിൽ ഏറ്റവും വലിയ തീപ്പിടുത്തമാണ് ഇപ്പോഴത്തേതെന്നും ഒട്ടേറെപ്പേർ ചികിൽസ തേടി ആശുപത്രികളിൽ പ്രവേശിച്ചുവെന്നും അധികൃതര്‍ സമ്മതിക്കുന്നു.

ഇന്നലെ വൈകിട്ടാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള മാലിന്യ കൂമ്പാരത്തിന് തീ പടര്‍ന്നതോടെ കൊച്ചി നഗരത്തിലേക്ക് കറുത്ത പുകയും ദുര്‍ഗന്ധവും വ്യാപിക്കുകയായിരുന്നു. വൈറ്റില, കടവന്ത്ര, മരട്, കുണ്ടന്നൂർ, എംജി റോഡ് പ്രദേശങ്ങളിലേയ്ക്ക് പുക വ്യാപിച്ചു.  ആളുകള്‍ക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും ഉണ്ടാകുന്നുണ്ട്.