ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി; തെരേസ മേയുടെ ബ്രെക്‌സിറ്റ് കരാർ പാർലമെന്‍റ് തള്ളി

Jaihind Webdesk
Wednesday, January 16, 2019

theresa-may-brexit

യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകുന്നതുപോയി ബന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാർ ബ്രിട്ടിഷ് പാർലമെന്‍റ് വൻ ഭൂരിപക്ഷത്തോടെ തള്ളി. പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ 403 എംപിമാർ കരാറിനെ എതിർത്ത് വോട്ട് ചെയ്തപ്പോൾ 202 പേർ മാത്രമാണ് അനുകൂലിച്ചത്.

മാർച്ച് 29 നു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനിരിക്കെ ഭരണകക്ഷി അംഗങ്ങൾ അടക്കം കൂട്ടത്തോടെ കരാറിനെതിരെ വോട്ട് ചെയ്തതു കനത്ത തിരിച്ചടിയായി. രാജിവച്ച് പൊതുതിരഞ്ഞെടുപ്പു നടത്തണമെന്ന നിലപാടിലാണു പ്രതിപക്ഷമായ ലേബർ പാർട്ടി. കരാർ തള്ളിയതോടെ ഇനി പുതിയ കരാർ തയ്യാറാക്കുകയോ കരാർ വേണ്ടെന്നു വയ്ക്കുകയോ അല്ലെങ്കിൽ പുതിയ ഹിതപരിശോധന നടത്തുകയോ ചെയ്യണം.

ഡിസംബർ 11ന് പൊതുസഭയിൽ നടക്കാനിരുന്ന വോട്ടെടുപ്പ് പരാജയ ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്രി തെരെസ മേ നീട്ടിവച്ചത്. കരാറിലെ വ്യവസ്ഥകൾ സംബന്ധിച്ച് വോട്ടെടുപ്പിനു മണിക്കൂറുകൾക്കു മുൻപും പാർട്ടി എംപിമാരുമായി കൂടിക്കാഴ്ച നടത്തി പിന്തുണ നേടാൻ മേ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.

2016 ജൂൺ 23നാണ് ബ്രിട്ടനിൽ ഹിതപരിശോധന നടന്നത്. യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ അനുകൂലിച്ച് 51.9 ശതമാനവും എതിർത്ത് 48.1 ശതമാനവും വോട്ടു ചെയ്തു. 2017 മാർച്ച് 21 ന് തെരേസ മേ സർക്കാർ ബ്രെക്സിറ്റ് കരാർ നടപടികൾ തുടങ്ങി. യൂറോപ്യൻ യൂണിയൻ നേതാക്കളുമായി 19 മാസം നീണ്ട ചർച്ചകൾക്കൊടുവിൽ നവംബറിലാണു കരാർ രൂപമെടുത്തത്. പിന്നാലെ കരാർ വ്യവസ്ഥകളെ എതിർത്ത് ബ്രെക്‌സിറ്റ് മന്ത്രി ഡോമിനിക് റാബ് രാജിവച്ചിരുന്നു.