നിപ ലക്ഷണമുള്ള രണ്ട്‌ പേരും ആരോഗ്യപ്രവര്‍ത്തര്‍ ; ഹൈ റിസ്ക്കിലുള്ള 20 പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും

Jaihind Webdesk
Sunday, September 5, 2021

Nipah

കോഴിക്കോട് : കോഴിക്കോട് നിപ വൈറസ് ബാധിച്ച പന്ത്രണ്ടുകാരന്‍ മരിച്ചതിന് പിന്നാലെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ രണ്ട് പേരും ആരോഗ്യ പ്രവർത്തകര്‍. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കുട്ടിക്ക് പനി വന്നപ്പോള്‍ ആദ്യം പോയത് സ്വകാര്യ ക്ലിനിക്കില്‍ ഒമ്പതോളം പേരാണ് സമ്പർക്കത്തിലുള്ളത്. പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമായി സമ്പർക്കപ്പട്ടികയില്‍ 181 പേർ കൂടിയുള്ളതായാണ് വിവരം. ഇതില്‍ 20 പേർ ഹൈ റിസ്‌ക്ക് പട്ടികയിലാണ്. ഇവതില്‍ രണ്ട് ആരോഗ്യപ്രവർത്തകർക്കാണ്  രോഗലക്ഷണമുണ്ടായത്. ഹൈറിസ്‌ക്കിലുള്ള 20 പേരെയും മെഡിക്കല്‍ കോളേജിലെ നിപ ചികിത്സയ്ക്കായി പ്രത്യേകം തിരിച്ചിട്ടുള്ള വാര്‍ഡിലേക്ക് മാറ്റും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റും. ബ്ലോക്കിലെ ആദ്യ നിലയില്‍ നിപ പോസിറ്റീവായ രോഗികള്‍ ഉണ്ടാകുകയാണെങ്കില്‍ അവരെ പാര്‍പ്പിക്കും. മറ്റു രണ്ടു നിലകളില്‍ നിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

നിപ ബാധിച്ച് കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്നതിന്‍റെ  മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചാത്തമംഗലം പഞ്ചായത്തിലാണ്‌ കുട്ടിയുടെ വീട്.  ചാത്തമംഗലം പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയ്ന്‍മെന്‍റ് സോണാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരെ പരിശോധിക്കാനായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ധസംഘം എത്തും. ആദ്യ പരിശോധനയായ പോയിന്‍റ് ഓഫ് കെയര്‍ പരിശോധനയില്‍ പോസിറ്റീവായാല്‍ തുടർന്ന് കണ്‍ഫർമേറ്റീവ് പരിശോധന നടത്തും. 12 മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭ്യമാകും. നിപ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോള്‍ സെന്‍റർ ആരംഭിച്ചിട്ടുണ്ട്. 0495 – 2382500, 0495 – 2382800 എന്ന നമ്പരുകളില്‍ സേവനം ലഭ്യമാകും.