കണ്ണൂരിൽ ഐസ്ക്രീം ബോളെന്ന് കരുതി ബോംബ് കളിക്കാനെടുത്ത രണ്ട് കുട്ടികൾക്ക് സ്ഫോടനത്തിൽ പരിക്കേറ്റു

Jaihind Webdesk
Tuesday, May 4, 2021

കണ്ണൂർ : കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ ഒന്നര വയസുകാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്ക്രീം കപ്പ് വീട്ടിൽ കൊണ്ടുവന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരിട്ടിക്കടുത്ത് പടിക്കച്ചാലിൽ സഹോദരങ്ങളായ മുഹമ്മദ്‌ ആമീൻ (5) മുഹമ്മദ്‌ റഹീദ് (ഒന്നര വയസ്) എന്നിവർക്കാണ് പരിക്കേറ്റത്.

മുഹമ്മദ് ആമീന്റെ പരിക്ക് സാരമുള്ളതാണ്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് സമയത്ത് സംഘർഷം പതിവുള്ള സ്ഥലമാണിത്. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തയ്യാറാക്കിയ ഐസ്ക്രീം ബോംബാണിതെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെയാണ് അപകടം. വീടിനകത്ത് വെച്ചാണ് സംഭവം. ഐസ്ക്രീം ബോൾ കുത്തിപ്പൊളിക്കാൻ ശ്രമിച്ചപ്പോൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അമീന്റെ നെഞ്ചിലും കാലിലും ചീളുകൾ തറച്ച് പരിക്കുണ്ട്. റഹീദിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരികെ കൊണ്ടുവന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അമീന്റെയും റഹീദിന്റെയും കുടുംബം പടിക്കച്ചാലിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഈ പ്രദേശങ്ങളിൽ ആളൊഴിഞ്ഞ പറമ്പിൽ ഇത്തരത്തിൽ ബോംബ് സൂക്ഷിക്കാറുണ്ട്. കതിരൂരിൽ കുറച്ച് ദിവസം മുൻപാണ് ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തികൾ തകർന്നത്.