മുഖ്യമന്ത്രിയുടെ പഞ്ചായത്തിലും വ്യാപകമായ കള്ളവോട്ട്; ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന്

Jaihind Webdesk
Monday, April 29, 2019

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പഞ്ചായത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. പിണറായി പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ സി പി എം -ഡിവൈഎഫ്ഐ പ്രവർത്തകർ ആളുമാറി കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ നടന്ന കള്ളവോട്ടിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 143,147,144 ബൂത്തുകളിൽ സി പി എം, ഡിവൈഎഫ്ഐ പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണിത്.

പിണറായിയിലെ മറ്റു ബൂത്തുകളിൽ വോട്ടുള്ള സി പി എം, ഡിവൈഎഫ്ഐ പ്രവർത്തകർ ഈ ബൂത്തുകളിൽ കള്ളവോട്ട് ചെയ്യുകയായിരുന്നു. പാനുണ്ട നൂറ്റിനാൽപ്പത്തി രണ്ടാബൂത്തിലെ വോട്ടറായ ഡിവൈഎഫ്ഐ പ്രവർത്തകൻ ദിനിൽ 144 ബൂത്തിലും വോട്ട് ചെയ്യുന്നുണ്ട്. നൂറ്റിനാൽപ്പത്തിമൂന്നാം നമ്പര്‍ ബൂത്തിലെ വോട്ടറായ സംരാജ് ടി.എ യും 144 ബൂത്തിൽ കള്ളവോട്ട് ചെയ്യുന്നുണ്ട്. നൂറ്റിനാൽപ്പത്തിമൂന്നാം ബൂത്തിലെ നവനീത് 147 നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കോഴൂർ യുപി സ്കൂളിലെ നൂറ്റിനാൽപ്പത്തിയാറാം നമ്പർ ബൂത്തിലെ വോട്ടറായ ഷുബീഷും 147 നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യുന്നുണ്ട്. 144 ബൂത്തിലെ വിനീഷ് എ കെ 147 നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. 144 ബൂത്തിലെ ജിതിൻ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനും 147 ൽ കള്ള വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്രതിൻ എ. എന്ന സി പി എം പ്രവർത്തകനും 144 നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തതിൽ ഉൾപ്പെടുന്നു. 143 നമ്പർ ബൂത്തിലെ വോട്ടറാണ് ഇയാൾ. ആളുമാറി വോട്ട് ചെയ്യുന്നതിനെ എതിർക്കുന്ന യുഡിഎഫ് ഏജൻറുമാരെ പ്രിസൈഡിംഗ് ഓഫിസർ ശാസിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആളുമാറി കള്ളവോട്ട് ചെയ്തത് യുഡിഎഫ് പരാതിയായി ഉന്നയിച്ചെങ്കിലും പ്രിസൈഡിംഗ് ഓഫിസർ സിപിഎം അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.പിണറായി പഞ്ചായത്തിലെ ഓരോ ബൂത്തിലും 100 ൽ അധികം കള്ളവോട്ട് ചെയ്തതായാണ് യുഡിഎഫ് ആക്ഷേപം. കള്ള വോട്ട് വ്യാപകമായതോടെ വെബ് കാസ്റ്റിംഗിലെ ദൃശ്യങ്ങൾ യുഡിഎഫ് പ്രവർത്തകർ മൊബൈലിൽ പകർത്തുകയായിരുന്നു.[yop_poll id=2]