കുഴല്‍പ്പണക്കേസ് : സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും : തൃശൂർ ഗൂഢാലോചന കേന്ദ്രമെന്ന് പോലീസ്

Jaihind Webdesk
Saturday, June 5, 2021

തൃശൂർ : കൊടകര കുഴൽ പണ കേസിൽ സുരേഷ് ഗോപിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിൽ ആലോചന. ബി ജെപി നേതാക്കളുടെ മൊഴികളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ഇത്തരമൊരു നീക്കത്തെ കുറിച്ച് ആലോചിക്കുന്നത്. കുഴൽ പണ കേസിൽ ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകളുടെയും ചോദ്യം ചെയ്ത ബി ജെ പി നേതാക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയിൽ നിന്നും ചില വിവരങ്ങൾ തേടാൻ അന്വേഷണ സംഘം ആലോചിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയായിരുന്നു സുരേഷ് ഗോപി. ബിജെപിയുടെ എ.ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് തൃശൂർ. ഇവിടെ എത്ര ഫണ്ട് ചിലവഴിച്ചു എന്നാണ് അന്വേഷിക്കുന്നത്. മാത്രവുമല്ല പണവുമായി വന്ന ധർമരാജൻ തൃശൂരിലെ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു എന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൂടാതെ ബി ജെ പി ജില്ലാ നേതാക്കളുടെ മൊഴികളിൽ വ്യക്തത വരുത്തേണ്ടതുമുണ്ട്.

ഏപ്രിൽ 2 ന് രാത്രിയാണ് ധർമരാജൻ പണവുമായി തൃശൂർ നഗരത്തിൽ എത്തുന്നത്. അന്ന് രാത്രി വൈകിയും ബിജെപി ജില്ലാ ജനറൽ സെകട്ടറി കെ.ആർ. ഹരി ഉൾപ്പെടെയുള്ള നേതാക്കൾ നഗരത്തിൽ ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടികളുടെ റൂട്ട് മാപ്പ് തയാറാക്കാനാണ് നഗരത്തിൽ തങ്ങിയതെന്ന് കെ.ആർ ഹരി മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തതതക്ക് വേണ്ടി സുരേഷ് ഗോപിയിൽ നിന്നും വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. എന്നാൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.