ബി.ജെ.പിയിലെ കുടുംബവാഴ്ചയുടെ താമരക്കൂട്ടം

Jaihind Webdesk
Thursday, January 24, 2019

പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനെക്കുറിച്ച് ബി.ജെ.പിയും സംഘപരിവാര്‍ സംഘടനയും പ്രത്യേകിച്ച് സി.പി.എമ്മും കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയെന്ന് പാടിപ്പറഞ്ഞ് നടക്കുമ്പോള്‍ അവരുടെ അറിവിലേക്കായി പ്രത്യേകിച്ച് ബി.ജെ.പിയുടെ കുടുംബവാഴ്ചയുടെ ഒരു ചിത്രം ഇവിടെ സമര്‍പ്പിക്കുകയാണ്.

മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകന്‍ ബി.വൈ രാഘവേന്ദ്ര പ്രമുഖ ബി.ജെ.പി നേതാവും കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ മകന്‍ പങ്കജ് സിംഗ് യു.പിയില്‍ നിന്നുള്ള ബി.ജെ.പിയുടെ എം.പിയും പ്രമുഖ നേതാവുമാണ്.

ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റും അന്തരിച്ച വിജയ രാജെ സിന്ധ്യയുടെ രണ്ട് മക്കളായ വസുന്ധര രാജെ സിന്ധ്യയും യശോദര രാജെയും വിജയ രാജെ സിന്ധ്യയുടെ വഴി പിന്തുടര്‍ന്ന് ബി.ജെ.പി രാഷ്ട്രീയത്തില്‍ അധികാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിയും ആയവരാണ്. വസുന്ധര രാജെ സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് സിംഗ് രാജസ്ഥാനില്‍നിന്നുള്ള എം.പിയും പ്രമുഖ ബി.ജെ.പി നേതാവുമാണ്.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗിന്‍റെ മകന്‍ അഭിഷേക് സിംഗ് അച്ഛന്‍റെ പാതയില്‍ തന്നെ ഛത്തീസ്ഗഢില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ തന്നെയാണ് എം.പി ആയത്.

ഒരുകാലത്ത് ബി.ജെ.പിയിലെ തലതൊട്ടപ്പനായിരുന്ന പ്രമോജ് മഹാജന്‍റെ മകള്‍ പൂനം മഹാജനും മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ മന്ത്രിയായത് കുടുംബവാഴ്ചയുടെ ഫലം തന്നെയായിരുന്നു.

ഇപ്പോഴത്തെ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ കേന്ദ്രമന്ത്രിയായതും അച്ഛന്‍റെ പിന്‍ബലത്തില്‍ തന്നെ. ബി.ജെ.പിയുടെ ദേശീയ ഖജാന്‍ജി ആയിരുന്നു ബി.പി ഗോയല്‍.

ബി.ജെ.പിയുടെ ഹിമാചല്‍ മുഖ്യമന്ത്രിയായിരുന്ന പി.കെ ധൂമലിന്‍റെ പാതയില്‍ തന്നെയായിരുന്നു മകന്‍ അനുരാഗ് താക്കൂര്‍ മധ്യപ്രദേശില്‍ നിന്ന് എം.പിയായത്. മഹാരാഷ്ട്രയിലെ ജനസംഘത്തിന്‍റെയും ബി.ജെ.പിയുടെയും പ്രമുഖ നേതാവായിരുന്ന ജി ഫട്നാവിസിന്‍റെ മകനാണ് ഇപ്പോഴത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഡി ഫട്നാവിസ്.

ഗോപിനാഥ് മുണ്ടെയുടെ മകള്‍ പി മുണ്ടെ പിതാവിന്‍റെ മരണശേഷം ആ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതും കുടുംബവാഴ്ചയുടെ ഫലം തന്നെ.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥ് രാഷ്ട്രീയത്തിലേക്ക് പിച്ചവെച്ചതും പിന്നീട് ചുവടുറപ്പിച്ചതും പിതാവ് എം ആദിത്യനാഥിന്‍റെ രാഷ്ട്രീയ പിന്‍ബലത്തില്‍ തന്നെയായിരുന്നു.

കേന്ദ്രമന്ത്രി വിജയ് ഗോയലിന്‍റേയും രാഷ്ട്രീയപാത സുഗമമാക്കിയതും കുടുംബവാഴ്ചയുടെ ഫലം തന്നെ. അച്ഛന്‍ ലാല്‍ ഗോയലിന്‍റെ സംഘപരിവാര്‍ ബന്ധം തന്നെയായിരുന്നു മകനെ ബി.ജെ.പി രാഷ്ട്രീയത്തിന്‍റെ നേതൃത്വനിരയിലെത്തിച്ചത്.

ഒരുകാലത്ത് ബി.ജെ.പിയുടെ മുഖമായിരുന്ന വി.കെ മല്‍ഹോത്രയുടെ മകന്‍ എ.കെ മല്‍ഹോത്ര ലോക്സഭാംഗമായതും അച്ഛന്‍റെ രാഷ്ട്രീയപാരമ്പര്യം തന്നെ.

മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ അനന്തരവന്‍ എ മിശ്ര ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തിലെത്തിയതും വാജ്പേയിയുടെ മേല്‍വിലാസത്തില്‍ തന്നെ.

മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു എസ് പട്വയുടെ മകന്‍ മധ്യപ്രദേശില്‍ നിന്ന് എം.പിയായതും അച്ഛന്‍റെ വിലാസത്തില്‍ തന്നെയായിരുന്നു.

അങ്ങനെ പിതാവ് വഴി രാഷ്ട്രീയത്തിന്‍റെ അധികാരകേന്ദ്രങ്ങളിലെത്തിയ ബി.ജെ.പിയിലെ കുടുംബവാഴ്ചയുടെ ലിസ്റ്റ് നീണ്ടതാണ്. ഇവരുടെ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കുടുംബവാഴ്ചയെക്കുറിച്ച് നാക്കെടുത്ത് വളയ്ക്കുന്നത്.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രാജ്യസഭാംഗമായതും സി.പി.എമ്മിന്‍റെ അടിത്തട്ടില്‍ നടത്തിയ ത്യാഗോജ്വലമായ പ്രവര്‍ത്തനത്തിന്‍റെ ഫലമല്ല. പ്രകാശ് കാരാട്ടിന്‍റെ മേല്‍വിലാസത്തിലാണ് ബൃന്ദ സി.പി.എം പോളിറ്റ് ബ്യൂറോയില്‍ വരെ എത്തിയത് എന്നത് കാലവും ചരിത്രവും സാക്ഷ്യപ്പെടുത്തിയതാണ്. ഇനി ഇവര്‍ ഓര്‍ക്കുക, പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് കുടുംബവാഴ്ചയെന്ന് ആരോപിക്കാന്‍ നിങ്ങള്‍ക്കാവില്ല. നമ്മുടെ നാട്ടിലെ ഒരു പഴമൊഴി ഉണ്ട്… സ്വന്തം കണ്ണിലെ കോലെടുത്ത് മാറ്റിയിട്ടാവണം അന്യന്‍റെ കണ്ണിലെ കരട് എടുക്കാന്‍.