‘പ്രതിഷേധക്കാരെ പട്ടിയെപ്പോലെ വെടിവെച്ചുകൊല്ലണം’ ; ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു

Jaihind News Bureau
Wednesday, January 15, 2020

 

കൊല്‍ക്കത്ത : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ പട്ടിയെപ്പോലെ വെടിവെച്ച് കൊല്ലണമെന്ന പരാമർശത്തില്‍ പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ പൊലീസ് കേസെടുത്തു. നാദിയ ജില്ലയിലെ രണഘട്ട് പോലീസ് സ്റ്റേഷനിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായ കൃഷ്ണേന്ദു ബാനർജി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

നാദിയ ജില്ലയില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു ബി.ജെ.പി നേതാവിന്‍റെ ഭീഷണി പ്രസംഗം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ പട്ടിയെപ്പോലെ വെടിവെച്ച് കൊന്നിട്ടുണ്ടെന്നായിരുന്നു ദിലീപ് ഘോഷിന്‍റെ വിവാദ പ്രസംഗം. അസമിലെയും ഉത്തർപ്രദേശിലെയും കർണാടകയിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ ചെയ്തതുപോലെ പ്രതിഷേധക്കാരെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടതെന്നും ദിലീപ് ഘോഷ് പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനർജി പ്രതിഷേധക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും ഷോഘ് ആരോപിച്ചു. പലപ്പോഴും ബി.ജെ.പി നേതാവിന്‍റെ വാക്കുകള്‍ സഭ്യതയുടെ പരിധി ലംഘിക്കുന്നതുമായിരുന്നു.

‘ഇവര്‍ (പ്രതിഷേധക്കാര്‍) നശിപ്പിക്കുന്നതൊക്കെ ഇവരുടെയൊക്കെ പിതാക്കന്മാരുടെ സ്വത്താണെന്നാണോ വിചാരിക്കുന്നത് ? നിങ്ങള്‍ (മമതാ ബാനർജി) മിണ്ടാതിരിക്കുന്നത് ഇവർ നിങ്ങളുടെ വോട്ടര്‍മാരായതുകൊണ്ടാണ്. അസമിലും ഉത്തർപ്രദേശിലുമൊക്കെ ഞങ്ങളുടെ സർക്കാർ ഇവരെ പട്ടികളെപ്പോലെ വെടിവെച്ച് വീഴ്ത്തിയിട്ടുണ്ട്. അങ്ങനെയാണ് ചെയ്യേണ്ടത്’ – ദിലീപ് ഘോഷ് പറഞ്ഞു.

പ്രതിഷേധക്കാരെ വെടിവെച്ച് വീഴ്ത്തണമെന്ന പ്രസ്താവനയുമായി വേറെയും ബി.ജെ.പി നേതാക്കള്‍ നേരത്തെ രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു.  ഫാസിസ്റ്റ് സർക്കാരിന്‍റെ പ്രതിഫലനമാണ് ബി.ജെ.പി നേതാക്കളുടെ ഇത്തരം പ്രകോനപരമായ പ്രസ്താവനകളിലൂടെ വെളിപ്പെടുന്നത്.