‘ബി.ജെ.പി എന്‍റെ പിന്നാലെയുണ്ട്, ഇന്ദിരാ ഗാന്ധിയെപ്പോലെ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ ഞാനും കൊല്ലപ്പെട്ടേക്കാം’ : ഗുരുതര ആരോപണവുമായി അരവിന്ദ് കെജ്‌രിവാൾ

Jaihind Webdesk
Saturday, May 18, 2019

ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി പ്രസിഡന്‍റുമായ അരവിന്ദ് കെജ്‌രിവാൾ. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കൊണ്ട് ബി.ജെ.പി തന്നെ കൊലപ്പെടുത്തിയേക്കാമെന്ന ഗുരുതര വെളിപ്പെടുത്തലാണ് കെജ്‌രിവാൾ നടത്തിയത്. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ഇന്ദിരാ ഗാന്ധിയുടെ അവസ്ഥ തനിക്കും സംഭവിക്കാമെന്ന് കെജ്‌രിവാൾ പറഞ്ഞു.

‘ഇന്ദിരാഗാന്ധിയെപ്പലെ എന്‍റെ തന്നെ സുരക്ഷാ ജീവനക്കാര്‍ ബി.ജെ.പിക്ക് വേണ്ടി ഒരു ദിവസം എന്നെ കൊലപ്പെടുത്തും. എന്‍റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബി.ജെ.പിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്’- കെജ്‌രിവാൾ പറഞ്ഞു. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബി.ജെ.പിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കെജ്‌രിവാള്‍ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹി പൊലീസിനാണ് സുരക്ഷാ ചുമതലയുള്ളത്.  കെജ്‌രിവാളിന് മികച്ച സുരക്ഷയാണ് തങ്ങള്‍ നല്‍കുന്നതെന്നായിരുന്നു ഡല്‍ഹി പോലീസിന്‍റെ പ്രതികരണം.  ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ നിരവധി ആക്രമണങ്ങളാണ് ഇതിനോടകം നടന്നിട്ടുള്ളത്. മിക്ക സംഭവങ്ങള്‍ക്ക് പിന്നിലും ബി.ജെ.പി ആണെന്ന് വ്യക്തമായിരുന്നു. മേയ് 4ന് ഡല്‍ഹിയിലെ മോട്ടി നഗറില്‍ റോഡ് ഷോയ്ക്കിടെ ഒരാള്‍ കെജ്‌രിവാളിന്‍റെ മുഖത്ത് അടിച്ചിരുന്നു. അക്രമി ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് ആം ആദ്മി പാര്‍ട്ടി തെളിവ് സഹിതം പുറത്തുവിട്ടിട്ടും ഡല്‍ഹി പോലീസ് അത് അംഗീകരിച്ചിരുന്നില്ല. ആം ആദ്മി പ്രവര്‍ത്തകന്‍ തന്നെയാണ് അത് ചെയ്തതെന്നായിരുന്നു ഡല്‍ഹി പോലീസിന്‍റെ നിലപാട്.